തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാലിനെതിരായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ച നിലപാടിന് മറുപടി നൽകി സിപിഎം നേതൃത്വം രംഗത്ത്. ഇക്കാര്യത്തിൽ ഗവർണർക്ക് വേണ്ട മറുപടി മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. ഭരണഘടനയിൽ പരാമർശിക്കുന്ന പ്രീതി ഗവർണറുടെ വ്യക്തിപരമായ പ്രീതിയല്ല. അതിനാൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രീതിക്ക് പ്രാധാന്യം നൽകാൻ കഴിയില്ല. ഗവർണർക്ക് പ്രീതി ആർഎസ്എസിനോടാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗവർണർ സ്വീകരിക്കുന്ന നിലപാടുകൾ മറ്റ് താൽപര്യങ്ങൾക്ക് അധിഷ്ഠിതമാണ്. കേരളത്തെ ആർഎസ്എസിനും ബിജെപിക്കും അനുകൂലമാക്കിയെടുക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ജനാധിപത്യമായ രീതിയിൽ പ്രമുഖ സ്ഥാനത്ത് ഇരിക്കുന്ന ഗവർണർ ഇത്തരം സമീപനങ്ങളിലൂടെ കാണിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്.
ജനാധിപത്യവിരുദ്ധമായി ഒന്നും തന്നെ ധനമന്ത്രി പറഞ്ഞിട്ടില്ല. എന്നാൽ ചാൻസലർ സ്ഥാനത്ത് ഇരുന്നുകൊണ്ട് ഗവർണർ സ്വീകരിക്കുന്ന നിലപാട് ജനാധിപത്യത്തിന് ചേർന്നതല്ല. കഴിഞ്ഞ ദിവസം ചില മാദ്ധ്യമങ്ങളെ മാത്രമേ കാണൂവെന്ന് പറഞ്ഞ ഗവർണറുടെ നിലപാട് ഫാസിസമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
ഈ സാഹചര്യത്തിൽ എല്ലാം നിസാരവൽക്കരിക്കുന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട് അടവാണ്. ഗവർണറുമായി പ്രതിപക്ഷത്തിന് പ്രത്യേക ബന്ധമുണ്ട്. കേരളത്തിന്റെ പൊതുതാൽപര്യം കണക്കിലെടുത്താണ് ലീഗ് ഗവർണറെ എതിർക്കാൻ തയ്യാറായത്. പ്രതിപക്ഷ നേതാവിന്റെ നിലപാട് കോൺഗ്രസിന്റെ ഉന്നതനേതൃത്വം പോലും എതിർത്തു.
മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാട് ഗവർണർക്ക് ബാധകമാണ്. ഗവർണറെ ചാൻസലറാക്കണമെന്ന് ഒരു യുജിസിയും ആവശ്യപ്പെടുന്നില്ല. അദ്ദേഹം ചാൻസലറായി ഇരിക്കുന്ന കേരളം നിർമ്മിച്ചത് നിയമപ്രകാരമാണെന്ന് ഓർക്കണം. ഭരണഘടനാപരവും നിയമപരവുമായ വഴിയിലൂടെ ഗവർണർ വരണം. ആർഎസ്എസിന്റെ അജണ്ടയാണ് ഗവർണർ നടപ്പിലാക്കുന്നത്. അത് കേരളത്തിൽ വിലപോകില്ല. ഗവർണർക്കെതിരെ സാധ്യമായ എല്ലാ നടപടികളിലേക്കും നീങ്ങും. യാതൊരു ഒത്തുതീർപ്പിനും സിപിഎം ഒരുക്കമല്ലെന്നും ഗവർണർക്ക് കീഴടങ്ങില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
















Comments