ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിൽ നിന്നും 109 തരം വസ്തുക്കൾ കണ്ടെടുത്തതായി എൻഐഎ. ഇസ്ലാമിക മതഗ്രന്ഥങ്ങൾ, ജിഹാദിനെ കുറിച്ചുള്ള നോട്ടുപുസ്തകങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളാണ് കണ്ടെടുത്തതെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി. സിആർപിസി 1973, സെക്ഷൻ 174, എക്‌സ്‌പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് 1908 സെക്ഷൻ 3 (എ) എന്നീ വകുപ്പുകൾ ചുമത്തിയാണ് എൻഐഎ കേസെടുത്തിരിക്കുന്നത്.
പൊട്ടാസ്യം നൈട്രേറ്റ്, ബ്ലാക്ക് പൗഡർ, മാച്ച് ബോക്‌സ്, രണ്ട് മീറ്റർ നീളമുള്ള ക്രാക്കർ ഫ്യൂസ്, നൈട്രോ ഗ്ലിസറിൻ, റെഡ് ഫോസ്ഫറസ്, പിഇടിഎൻ പൊടി, അലുമിനിയം പൊടി ഒഎക്‌സ്‌വൈ 99 ബ്രീത്ത് പ്യുവർ ഓക്‌സിജൻ സിലിണ്ടർ, സൾഫർ, സ്റ്റെറൈൽ സർജിക്കൽ, ഗ്ലാസ് മാർബിൾ, 9 വോൾട്ട് ബാറ്ററി, 9 വോൾട്ട് ബാറ്ററി ക്ലിപ്പ്, വയർ, ആണി, സ്വിച്ച്, ഗ്യാസ് സിലിണ്ടർ, ഗ്യാസ് റെഗുലേറ്റർ, ഇൻസുലേഷൻ ടേപ്പ്, പാക്കിംഗ് ടേപ്പ്, ഹാൻഡ് ഗ്ലൗസ്, ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ വിശദാംശങ്ങളും ജിഹാദിനെക്കുറിച്ചുള്ള വിശദാംശങ്ങളുമുള്ള നോട്ട് പുസ്തകങ്ങൾ തുടങ്ങിയവയാണ് പരിശോധനയിൽ എൻഐഎ കണ്ടെടുത്തത്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിനും സ്‌ഫോടനത്തിനും കേസെടുത്താണ് എൻഐഎ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ദേശീയ അന്വേഷണ ഏജൻസിയുടെ ചെന്നൈ യൂണിറ്റിലെ ഇൻസ്‌പെക്ടർ എസ്. വിഘ്നേഷിനാണ് അന്വേഷണ ചുമതല.
കോയമ്പത്തൂർ കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് മുമ്പിൽ കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനത്തിന് പിന്നിൽ ഭീകാരക്രമണ ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ ചാവേർ ആയിരുന്നുവെന്ന് വ്യക്തമാകുന്ന പല തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇയാൾ പലതവണ കേരളത്തിലെത്തിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ചികിത്സയ്‌ക്കായാണ് എത്തിയതെന്നാണ് പ്രാഥമിക വിവരം. എന്നാൽ ചികിത്സയുടെ പേരിൽ കേരളത്തിലെത്തി തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നോയെന്ന കാര്യവും അന്വേഷിക്കുന്നതാണ്.
















Comments