പേസ് ബൗളിങിന് കേളി കേട്ട പിച്ചാണ് പെർത്തിലേത്. വേഗതയേറിയ ബൗളർമാരുടെ പറുദീസയെന്ന് അറിയപ്പെടുന്ന പെർത്തിൽ ഇന്ന് ഇന്ത്യ ഇറങ്ങുമ്പോൾ വാനാളം പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. ടി 20 ലോകകപ്പിൽ കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യ ഇന്ന് പോരാട്ടത്തിന് ഇറങ്ങുന്നത്.
ഈ കളിയിൽ വിജയിച്ചാൽ ഇന്ത്യക്ക് സെമി സാധ്യത ഏകദേശം ഉറപ്പിക്കാം. ഗ്രൂപ്പിൽ നിലവിൽ നാല് പോയിന്റുകളുമായി ഒന്നാമതാണ് ഇന്ത്യ. മൂന്ന് പോയിന്റുളള ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്. അത് കൊണ്ട് മുന്നോട്ട് പോകിന് ഇരു കൂട്ടർക്കും വിജയം അനിവാര്യമാണ്. കഴിഞ്ഞ രണ്ട് കളികളും ജയിച്ച് ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
ആദ്യ കളിയിൽ പാകിസ്താനെയും രണ്ടാമത്തെ കളിയിൽ നെതർലാന്റ്‌സിനെയുമാണ് ഇന്ത്യ തകർത്തത്. സിംബാംബ്‌വെയ്‌ക്കെതിരെ നടന്ന ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം മഴ മൂലം പൂർത്തിയാകാനായില്ല. പ്രോട്ടിയാസിന്റെ വിജയത്തിന് തൊട്ട് അടുത്ത് നിൽക്കുമ്പോഴാണ് മഴ കളി തടസ്സപ്പെടുത്തിയത്. അതിനാൽ ഇരു ടീമുകളും ഒരു പോയിന്റ് പങ്കിട്ടു.
രണ്ടാമത്തെ കളിയിൽ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ വലിയ മാർജിനിൽ തന്നെ പരാജയപ്പെടുത്തി. തുല്യ ശക്തികളായ രണ്ട് ടീമുകൾ മാറ്റുരയ്‌ക്കുമ്പോൾ പെർത്തിൽ തീപാറുമെന്ന് ഉറപ്പാണ്. സ്വന്തം നാട്ടിൽ നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ 2-1ന് പരാജയപ്പെടുത്തിയത് ഇന്ത്യക്ക് എതിരാളികൾക്ക് മേൽ മേധാവിത്വം ഉറപ്പിക്കുന്ന ഘടകമാണ്.
ബാറ്റിംഗിൽ വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് ഇന്ത്യയുടെ പ്രതീക്ഷ. കഴിഞ്ഞ രണ്ട് കളികളിലും കിങ് കോഹ്ലി പുറത്താകാതെ അർധ സെഞ്ച്വറി നേടിയിരുന്നു. സൂര്യകുമാർ യാദവും ക്യാപ്റ്റൻ രോഹിത്ശർമ്മയും കഴിഞ്ഞ മത്സരത്തിൽ ഫോമായിരുന്നു. എന്നാൽ ഓപ്പണർ കെ എൽ രാഹുലിന്റെ ഫോമില്ലായ്മ ഇന്ത്യൻ ടീമിനെ കുഴയ്‌ക്കുന്നുണ്ട്.
ദക്ഷിണാഫ്രിക്കൻ നിരയിൽ ക്വിന്റൺ ഡി കോക്ക് മികച്ച ഫോമിലാണ്. ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയ റിലേ റൂസ്സോയും ഇന്ത്യക്ക് ഭീഷണിയാണ്. ഈ മാസം ആദ്യം ഇന്തോറിൽ ഇന്ത്യക്ക് എതിരെ നടന്ന ടി 20യിലും റൂസ്സോ മൂന്നക്കം കണ്ടെത്തിയിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കൻ നായകൻ ടെമ്പ ഭാവുമയുടെ ഫോമില്ലായ്മ ടീമിന് തലവേദനയായിട്ടുണ്ട്.
ഇന്ത്യ കഴിഞ്ഞ കളിയിലെ ടീമിനെ തന്നെ നിലനിർത്താനാണ് സാധ്യത. ദക്ഷിണാഫ്രിക്കൻ നിരയിൽ മാറ്റത്തിന് സാധ്യതയുണ്ട്. പേസിനെ തുണയ്‌ക്കുന്ന പിച്ചിൽ പ്രോട്ടിയാസ് ഒരു അധിക സീമറെ കൂടി ഉൾപ്പെടുത്തുമെന്നാണ് സൂചന. അങ്ങനെ വന്നാൽ ഇടം കൈയ്യൻ പേസ് ബൗളർ മാർക്കോ ജാൻസനെ ഇന്ത്യയ്‌ക്കെതിരെ അണിനിരത്താൻ സാധ്യതയുണ്ട്. ഇന്ത്യൻ സമയം വൈവീട്ട് 4.30നാണ് മത്സരം.
















Comments