അഹമ്മദാബാദ്: ഗുജറാത്തിൽ പുതിയ എയർ ക്രാഫ്റ്റ് നിർമ്മാണ പ്ലാന്റിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സി 295 എയർക്രാഫ്റ്റുകളുടെ നിർമ്മാണത്തിനായുള്ള പ്ലാന്റിന്റെ തറക്കല്ലിടൽ കർമ്മമാണ് പ്രധാനമന്ത്രി നിർവ്വഹിച്ചത്. ആത്മനിർഭര ഭാരതമെന്ന രാജ്യത്തിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് പ്ലാന്റിന്റെ നിർമ്മാണം.
വഡോദരയിൽ നടന്ന പരിപാടിയിൽ ആയിരുന്നു പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടത്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റം ലിമിറ്റഡും സ്‌പെയ്ൻ ആസ്ഥാനമാക്കിയുള്ള എയർബസ് ഡിഫൻസ് ആന്റ് സ്‌പേസും സംയുക്തമായാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 21,935 കോടി രൂപ ചിലവുവരുന്നതാണ് പദ്ധതി. സ്വകാര്യമേഖലയിൽ എയർക്രാഫ്റ്റ് നിർമ്മാണത്തിനായുള്ള രാജ്യത്തെ ആദ്യ പ്ലാന്റ് ആണ് ഇത്.
വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ഉച്ചയോടെയായിരുന്നു പ്രധാനമന്ത്രി ഗുജറാത്തിൽ എത്തിയത്. വഡോദര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ഗവർണർ ആചാര്യ ദേവ്‌രത്ത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സിആർ പാട്ടീൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്നും വേദിയിലേക്കുള്ള യാത്രയിൽ നിരവധി പേരാണ് പ്രധാനമന്ത്രിയെ കാണാൻ വഴിയരികിൽ കാത്തുനിന്നത്.
സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികമായ തിങ്കളാഴ്ച പ്രധാനമന്ത്രി കെവാഡിയ സന്ദർശിക്കും. ഏകതാ നഗറിലെ നിർമ്മാണം പൂർത്തിയാക്കിയ മേസ് ഗാർഡനും, മിയവാക്കി ഫോറസ്റ്റും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.
















Comments