ആങ്‌സൈറ്റി അല്ലെങ്കിൽ വിഷാദം ഇന്ന് പലരിലും കണ്ടുവരുന്ന ഒരു മാനസികാവസ്ഥയാണ്. ഇത് മൂലം ജീവിത ശൈലി രോഗങ്ങൾ ബാധിക്കുകയും അത് ജീവൻ വരെ അപകടത്തിലാക്കുകയും ചെയ്യുന്നു. ജീവിത രീതിയിലുണ്ടാകുന്ന മാറ്റങ്ങൾ തന്നെയാണ് ഇത്തരം അവസ്ഥകൾക്ക് കാരണം. ഇത് പരിഹരിക്കുന്നതിനായി ചികിത്സ തേടി പോകുന്ന നിരവധി ആളുകളുണ്ട്. എന്നാൽ ആങ്‌സൈറ്റി പ്രശ്‌നങ്ങൾ മാറ്റുമെന്ന അവകാശവാദത്തോടെ വ്യത്യസ്തമായ ഒരു ആശയം മുന്നോട്ട് വെയ്‌ക്കുകയാണ് ഒരു കമ്പനി.
ആങ്‌സൈറ്റി ഉള്ളയാളുകളെ ജീവനോടെ അടക്കുക എന്നതാണ് ചികിത്സാ രീതി. അടക്കി കഴിഞ്ഞാൽ കാര്യം കഴിഞ്ഞോ എന്നാണ് ചോദ്യമെങ്കിൽ, ഇല്ല, അടക്കിയതിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ഇവരെ പുറത്തിറക്കും. ഇതിന് ചെലവ് ഒന്നോ രണ്ടോ അല്ല, 47 ലക്ഷം രൂപയാണ്.
പ്രിക്കേറ്റഡ് അക്കാദമി എന്ന റഷ്യൻ കമ്പനിയാണ് ഈ പുതിയ ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്. സൈക്കിക് തെറാപ്പി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ജീവനോടെ അടക്കുമ്പോൾ ആളുകളിലെ ആങ്‌സൈറ്റിയും ഭയവുമെല്ലാം ഇല്ലാതാകും എന്നാണ് ഇവർ പറയുന്നത്. ഇങ്ങനെ ആങ്‌സൈറ്റി ഇല്ലാതാക്കി കൊടുക്കാൻ വാങ്ങുന്ന പ്രതിഫലമാണ് 47 ലക്ഷം രൂപ. ഇത് കൂടാതെ 12 ലക്ഷത്തിന്റെ പാക്കേജും ഈ കമ്പനി ഓഫർ ചെയ്യുന്നുണ്ട്. അതുവഴി സ്വന്തം ശവസംസ്‌കാരം ഓൺലൈനായി കാണാൻ പാക്കേജ് വാങ്ങുന്നയാൾക്ക് അവസരം ലഭിക്കും.
ശവപ്പെട്ടിയിൽ ഇറക്കി വെച്ചാൽ മരിക്കുമോ എന്നോ എടുക്കാൻ മറന്നുപോയാൽ എന്ത് ചെയ്യുമെന്നോ ഓർത്ത് ആർക്കും പേടി വേണ്ട, ഈ രീതി നൂറ് ശതമാനം സുരക്ഷിതമാണെന്നാണ് സ്ഥാപനം പറയുന്നത്. ആങ്‌സൈറ്റി മറികടക്കുക കൂടാതെ, മറ്റ് പല ഗുണങ്ങളും ഇതിലൂടെ ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
















Comments