തിരുവനന്തപുരം: വ്യക്തമായി പദ്ധതിയിട്ട് ആസൂത്രണം ചെയ്തുണ്ടായ കൊലപാതകമാണ് ഷാരോണിന്റേതെന്ന് എഡിജിപി എം.ആർ അജിത്ത് കുമാർ അറിയിച്ചു. ഷാരോണിനെ ഒഴിവാക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു കൊലപാതകം. വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കലർത്തി നൽകി. അതേസമയം കൊലപാതകത്തിൽ പ്രതി ഗ്രീഷ്മയുടെ മാതാപിതാക്കൾക്ക് പങ്കുള്ളതായി നിലവിൽ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും എഡിജിപി അറിയിച്ചു.
കഴിഞ്ഞ ഒരു വർഷമായി ഗ്രീഷ്മയും ഷാരോണും തമ്മിൽ ബന്ധമുണ്ട്. ഫെബ്രുവരിയിൽ പെൺകുട്ടിയും യുവാവും തമ്മിൽ വഴക്കുണ്ടാകുകയും ബന്ധത്തിൽ വിള്ളൽ സംഭവിക്കുകയും ചെയ്തിരുന്നു. ഇതിനിടെ തന്നെയാണ് ഗ്രീഷ്മയുടെ വിവാഹനിശ്ചയം നടന്നത്. അതിന് ശേഷവും ഗ്രീഷ്മയും ഷാരോണും തമ്മിലുള്ള ബന്ധം തുടർന്നിരുന്നു. എന്നാൽ അടുത്ത കാലത്ത് ഇരുവരും തമ്മിലുള്ള ബന്ധം മോശമായി. പിന്നീട് ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ഗ്രീഷ്മ നടത്തിയത്. ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം സമ്മതിക്കാൻ ഗ്രീഷ്മ തയ്യാറായില്ലെന്നും പോലീസ് പറഞ്ഞു.
ക്യാപ്പിക്ക് എന്ന കീടനാശിനിയാണ് കഷായത്തിൽ കലർത്തിയത്. വീട്ടിൽ തന്നെയുണ്ടായിരുന്ന കീടനാശിനിയായിരുന്നു ഇത്. ഷാരോൺ ബാത്ത്‌റൂമിൽ പോയ സമയം നോക്കി കഷായത്തിൽ വിഷം കലർത്തുകയായിരുന്നു. കഷായം കുടിച്ചതിന് പിന്നാലെ തന്നെ ഷാരോൺ അവിടെ വെച്ച് ഛർദ്ദിച്ചു. പിന്നീട് സുഹൃത്തിനോടൊപ്പം യുവാവ് വീട്ടിലേക്ക് തിരിച്ചുപോയി.
വിഷം കലർത്തിയ കഷായം ഗ്രീഷ്മ സ്വയം വീട്ടിലുണ്ടാക്കിയതാണെന്നാണ് വെളിപ്പെടുത്തൽ. ഒക്ടോബർ 14നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 20നാണ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. 25ന് രാത്രിയോടെ യുവാവ് മരിച്ചു. ഇതിനിടെ പോലീസ് രേഖപ്പെടുത്തിയ യുവാവിന്റെ മരണമൊഴിയിൽ അസ്വഭാവികതയൊന്നും തന്നെ കണ്ടിരുന്നില്ലെന്നും എഡിജിപി പറഞ്ഞു.
വിഷമായി നൽകിയ കീടനാശിനിയിൽ കോപ്പർ സൾഫേറ്റ് ഉണ്ടെന്ന് കണ്ടെത്തിയിട്ടില്ല. ഗൂഗിളിൽ കോപ്പർ സൾഫേറ്റിനെക്കുറിച്ച് നിരന്തരമായി ഗ്രീഷ്മ സെർച്ച് ചെയ്തിരുന്നു. വിഷത്തിന്റെ ബോട്ടിൽ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണെന്നും എഡിജിപി അറിയിച്ചു.
ജാതകത്തിൽ പ്രശ്‌നമുണ്ടെന്നും ആദ്യ ഭർത്താവ് മരിക്കുമെന്നെല്ലാം പറഞ്ഞത് ഷാരോണിനെ ഒഴിവാക്കാനാണെന്നാണ് പ്രാഥമികമായി കണ്ടെത്തിയത്. ഗ്രീഷ്മയുടെ അറസ്റ്റ് ഞായറാഴ്ച രാത്രിയോ നാളെ രാവിലെയോ രേഖപ്പെടുത്തും.
Comments