സംസ്ഥാനത്തെ സിസിടിവികൾ ഇനി നോക്കുകുത്തിയാവില്ല; ഓഡിറ്റിങ്ങ് നടത്താൻ ഡി.ജി.പിയുടെ നിർദ്ദേശം

Published by
Janam Web Desk

തിരുവനന്തപുരം: സി.സി.ടി.വികളുടെ ഓഡിറ്റിങ്ങ് നടത്താൻ ഡി.ജി.പിയുടെ നിർദ്ദേശം.എല്ലാ ജില്ലകളിലെയും പ്രധാനകേന്ദ്രങ്ങളും തെരുവുകളും പൂർണ്ണമായും സി.സി.ടി.വി പരിധിയിൽ ലഭ്യമാക്കുന്നതിനുള്ള നടപടി പോലീസ് ഏകോപിപ്പിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുക. ഇതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ഥാപിച്ചിട്ടുളള ക്ലോസ് സർക്യൂട്ട് റ്റി.വി ക്യാമറകളുടെയും ഓഡിറ്റിംഗ് നടത്താൻ പോലീസ് തീരുമാനിച്ചു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ജില്ലാ പോലീസ് മേധാവിമാർക്ക് നൽകി.

പോലീസിന്റെ നിയന്ത്രണത്തിലുളള സി.സി.ടി.വി ക്യാമറകളുടെ എണ്ണം, ഇനം, സ്ഥാപിച്ചിരിക്കുന്ന സ്ഥലം, പോലീസ് സ്റ്റേഷൻ, പ്രവർത്തനരഹിതം എങ്കിൽ അതിനുളള കാരണം എന്നിവ ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയും കൺട്രോൾ റൂമും അതത് പോലീസ് സ്റ്റേഷൻ അധികൃതരും ശേഖരിച്ച് സൂക്ഷിക്കും. പോലീസ് കൺട്രോൾ റൂമിലും പോലീസ് സ്റ്റേഷനുകളിലും ഫീഡ് ലഭ്യമായ ക്യാമറകളുടെ വിവരങ്ങളും ശേഖരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് സർക്കാർ സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുളള സി.സി.ടി.വി ക്യാമറകളുടെ വിവരങ്ങൾ ശേഖരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

കൂടാതെ പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുളള സി.സി.ടി.വി ക്യാമറകളുടെ വിവരങ്ങൾ അതത് പോലീസ് സ്റ്റേഷനുകളിൽ ശേഖരിച്ച് സൂക്ഷിക്കും.പോലീസിന്റെ ക്യാമറകളിൽ പ്രവർത്തനരഹിതമായവ ഉടനടി അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാകാൻ നടപടി സ്വീകരിക്കും. തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റ് വകുപ്പുകളുടെയും ക്യാമറകളിൽ കേടായത് നന്നാക്കാൻ അതത് വകുപ്പുകളോട് അഭ്യർത്ഥിക്കുമെന്നാണ് റിപ്പോർട്ട്.

തലസ്ഥാനത്ത് മ്യൂസിയത്തിൽ പ്രഭാത സവാരിക്കിടെ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതി കഴിഞ്ഞ 6 ദിവസമായി ഒളിവിലാണ്. പ്രതിയെ കണ്ടെത്താൻ നഗരത്തിലെ പോലീസിന്റെ സിസിടിവി കാമറകൾ  പ്രവർത്തിക്കുന്നില്ലെന്ന് വലിയ ആക്ഷേപമുയർന്നിരുന്നു.സംസ്ഥാനത്തുടനീളം സ്ഥാപിച്ച സിസിടിവികളിൽ പലതും നോക്കുകുത്തിയാണെന്ന വിമർശനം ഉയർന്നതിന് പിന്നാലെയാണ് സിസിടിവികളുടെ കാര്യക്ഷമത പരിശോധിക്കാൻ ഡിജിപി ഉത്തരവ് നൽകിയത്.

Share
Leave a Comment