ബീജിംഗ്: കൊറോണ നിയന്ത്രണങ്ങൾ കർശനമാക്കിയതിന് പിന്നാലെ കമ്പനിയിൽ നിന്ന് പലായനം ചെയ്യുന്ന ജീവനക്കാർക്കായി വമ്പൻ ഓഫറുകളുമായി ചൈനയിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയായ ഫോക്‌സ്‌കോൺ. പ്ലാന്റിൽ തുടരുന്ന ജീവനക്കാരുടെ ബോണസ് നാലിരട്ടിയായി വർദ്ധിപ്പിക്കുമെന്നാണ് ഫോക്‌സ്‌കോൺ വാഗ്ദാനം ചെയ്യുന്നത്. സീറോ കൊവിഡ് എന്ന ലക്ഷ്യമിട്ടാണ് ചൈനയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നത്.
ചെങ്ഷൗവിലെ ഫോക്‌സ്‌കോൺ പ്ലാന്റ് ഒക്ടോബർ പകുതി മുതൽ അടച്ചിട്ടിരിക്കുകയാണ്. കമ്പനിയിലെ ചില ജീവനക്കാർക്ക് കൊറോണ റിപ്പോർട്ട് ചെയ്തിരുന്നു. തൊഴിലാളികളെ പൂട്ടിയിടുകയും കർശനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് പ്ലാന്റിലെ മറ്റ് ജീവനക്കാർ ഇവിടം വിടാൻ തീരുമാനിക്കുന്നത്. ക്വാറന്റൈനിൽ ആക്കിയിരിക്കുന്ന തൊഴിലാളികൾക്ക് ഏറ്റവും മോശം ഭക്ഷണമാണ് നൽകുന്നതെന്നാണ് മറ്റ് ജീവനക്കാർ ആരോപിക്കുന്നത്. ഭക്ഷണത്തിന് പുറമെ ആവശ്യമായ മെഡിക്കൽ സേവനങ്ങളും ലഭിക്കുന്നില്ല. ആവശ്യത്തിന് മരുന്നുകൾ പോലും ഇല്ലാത്ത സാഹചര്യമാണെന്നും ഇവർ പറയുന്നു.
ഫോക്‌സ്‌കോണിലെ ജീവനക്കാർ കാൽനടയായി വീടുകളിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളടക്കം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ അടുത്ത ദിവസം മുതൽ ജോലിക്ക് ഹാജരാകുന്ന ജീവനക്കാർക്ക് പ്രതിദിനം 400 യുവാൻ (4545 രൂപ) ബോണസായി നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നേരത്തെ ഇത് 100 യുവാൻ ആയിരുന്നു. നവംബറിൽ പതിനഞ്ചോ അതിൽ കൂടുതൽ ദിവസമോ ജോലിക്ക് ഹാജരായാൽ അധിക ബോണസും ലഭിക്കും. ഈ മാസം മുഴുവൻ ഹാജർ രേഖപ്പെടുത്തിയാൽ 15,000 യുവാനായിരിക്കും ബോണസായി ലഭിക്കുക. അതായത് ഏകദേശം 1,70,000 രൂപ ജീവനക്കാർക്ക് നൽകും. ശമ്പളത്തിന് പുറമെയുള്ള ആനുകൂല്യമാണിത്. ഏകദേശം രണ്ട് ലക്ഷത്തിലധികം ജീവനക്കാരാണ് ഈ പ്ലാന്റിൽ ജോലി ചെയ്തിരുന്നത്.
Comments