ബംഗളൂരു: രാജ്യത്തെ കണ്ണീരിലാഴ്‌ത്തിയ പുൽവാമ ഭീകരാക്രമണത്തിൽ സന്തോഷ പ്രകടനം നടത്തിയ യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. അഞ്ച് വർഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ബംഗളൂരുവിലെ എൻഐഎ പ്രത്യേക കോടതിയുടേതാണ് വിധി.
ബംഗളൂരു സ്വദേശിയായ ഫൈസ് റഷീദിനെയാണ് കോടതി ശിക്ഷിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു എൻജിനീയറിംഗ് വിദ്യാർത്ഥി കൂടിയായ റഷീദ് പുൽവാമ ഭീകരാക്രമണത്തിൽ സന്തോഷം പ്രകടിപ്പിച്ച് പോസ്റ്റിട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട സമൂഹമാദ്ധ്യമ ഉപയോക്താക്കൾ റഷീദിനെതിരെ പരാതി നൽകുകയായിരുന്നു. പരാതിയിൽ യുഎപിഎ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബോധപൂർവ്വമാണ് റഷീദ് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടതെന്ന നിരീക്ഷണത്തെ തുടർന്നാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. പ്രതി നിരക്ഷരനോ, സാധാരണക്കാരനോ അല്ലെന്ന് കോടതി പറഞ്ഞു. എൻജിനീയറിംഗ് വിദ്യാർത്ഥിയാണ്. വിദ്യാസമ്പന്നനായ റഷീദ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത് ബോധപൂർവ്വമാണ്. നമ്മുടെ സൈനികർ കൊല്ലപ്പെട്ടപ്പോൾ റഷീദിന് സന്തോഷമാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ റഷീദിയുടേത് രാജ്യദ്രോഹ കുറ്റമായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 201 എന്നീ വകുപ്പുകൾ പ്രകാരവും യുഎപിഎ നിയമത്തിലെ 13ാം വകുപ്പ് പ്രകാരവുമാണ് റഷീദിന് തടവും പിഴയും ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും.
















Comments