മലപ്പുറം: കാളികാവിൽ കന്നുകാലികൾക്ക് നേരെ അജ്ഞാത സംഘത്തിന്റെ ക്രൂരത. തൊഴുത്തിൽ കെട്ടിയിട്ട കന്നുകാലികളുടെ വാലുകൾ അറത്തുമാറ്റി. കാളയുടെയും പോത്തിന്റെയും വാലുകളാണ് അറുത്തുമാറ്റിയത്.
ചേക്കാട് മാളിയേക്കൽ വലിയ പറമ്പിലെ പെരുക്കാടൻ നാസർ, കുന്നുമ്മൽ ശിഹാബ് എന്നിവരുടെ കന്നുകാലികൾക്ക് നേരെയാണ് ക്രൂരത അരങ്ങേറിയത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം. നാസറിന്റെ കാളയുടെയും, ശിഹാബിന്റെ പോത്തിന്റെയും വാലുകളാണ് മുറിച്ചുമാറ്റിയത്. രാവിലെ തൊഴുത്തിൽ എത്തിയ നാസറാണ് ആദ്യം കാളയുടെ വാല് മുറിഞ്ഞു കിടക്കുന്നതായി കണ്ടത്. വാല് മുറിച്ച് തൊഴുത്തിൽ തന്നെ ഉപേക്ഷിച്ച് അക്രമികൾ കടന്നു കളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ശിഹാബിന്റെ പോത്തിന്റെ വാലും മുറിച്ച വാർത്ത പുറത്തുവന്നത്.
ഉടനെ മാളിയേക്കൽ വെറ്ററിനറി സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പി. നീലകണ്ഠൻ സ്ഥലത്ത് എത്തി മരുന്നുവെച്ച് കെട്ടി. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Comments