എറണാകുളം: ഇന്ത്യയെ നശിപ്പിക്കാൻ ഭീകരർ ലഹരിയും ആയുധമാക്കുന്നുവെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഒരു രാജ്യത്തെ ഇല്ലാതാക്കാനുള്ള ഏറ്റവും എളുപ്പ മാർഗ്ഗം പുതുതലമുറയെ ലഹരിയ്‌ക്ക് അടിമയാക്കുക എന്നതാണ്. ജീവിതവും ലഹരി ഉപയോഗവും ഒന്നിച്ച് കൊണ്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനം ടി വി സംഘടിപ്പിക്കുന്ന ‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’ ,സ്‌കൂൾ തല ലഹരി വിരുദ്ധ ബോധവൽക്കരണ യഞ്ജത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എളമക്കര സരസ്വതി വിദ്യാനികേതൻ സ്‌കൂളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു രാജ്യത്തെ നശിപ്പിക്കാൻ പുതുതലമുറയെ ലഹരിക്ക് അടിമകളാക്കുകയാണ് മാർഗ്ഗമെന്ന് രാജ്യ വിരുദ്ധ ശക്തികൾ മനസിലാക്കുന്നു. യുവാക്കളെയാണ് ലഹരി മാഫിയ ലക്ഷ്യം വയ്‌ക്കുന്നത്. ചിന്തയെയും, തീരുമാനങ്ങളെയും സ്വാധീനിക്കുകയാണ് അവരുടെ ശ്രമം. പുകവലിയിലൂടെയും, മദ്യപാനത്തിലൂടെയും മയക്കുമരുന്നിലേക്കെത്തിക്കും. ലഹരിയുടെ മറുവശവും, അവരുടെ ദുരിതപൂർണമായ ഭാവി ജീവിതവും ആരും കാണുന്നില്ല. ഒരോ നിമിഷവും ആനന്ദകരമാക്കാൻ ചിന്തയെയും, മനസിനെയും നിയന്ത്രിക്കാൻ കഴിയണം. കുട്ടികളെ ലഹരിയിലേക്ക് എത്തിക്കുന്നവരാണ് അപകടകാരികൾ. തലച്ചോറിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ യുവതലമുറ എന്തും ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തും. ഒരിക്കൽ ലഹരി ഉപയോഗം തുടങ്ങിയാൽ നിർത്താൻ കഴിയാത്ത വിധം അടിമകളാകുമെന്നും ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
ലഹരിയില്ലാതെ ജീവിക്കാമെന്നതിന് തന്റെ ജീവിതം തന്നെയാണ് തനിക്ക് മാതൃക. ജീവിതവും ലഹരി ഉപയോഗവും ഒരുമിച്ച് കൊണ്ടുപോകാനാകില്ല. ഒന്നുകിൽ ലഹരി അല്ലെങ്കിൽ ജീവിതം. ഇതിൽ ഏതെങ്കിലും ഒന്നേ ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.
യുവതലമുറയാണ് നമ്മുടെ രാജ്യത്തിന്റെ മുതൽക്കൂട്ടെന്ന് ഡി.സി. പി.എസ്.ശശിധരൻ പറഞ്ഞു. വിദ്യാർത്ഥികളെയാണ് ലഹരി മാഫിയ ലക്ഷ്യം വയ്‌ക്കുന്നത്. കുട്ടികളെ ആദ്യം ലഹരി ഉപയോഗിക്കുന്നവരും, പിന്നീട് വിൽപ്പനയിലെ കണ്ണികളുമാക്കും. പോലീസ് മാത്രം വിചാരിച്ചാൽ ലഹരി സംഘത്തെ തുരത്താൻ കഴിയില്ല. ജീവിതമാണ് ലഹരിയെന്നതാകണം ആപ്തവാക്യം. കുട്ടികൾക്കിടയിൽ ഇടപഴകി ലഹരിക്കടിമകളാക്കുന്നു.
ലഹരി സംഘങ്ങൾക്ക് പണമുണ്ടാക്കാനുള്ള ലക്ഷ്യത്തിലേക്ക് കടക്കാൻ എന്ത് മാർഗവും സ്വീകരിക്കും. സഹപാഠികളുടെ സ്വഭാവ നിലയിലെ മാറ്റങ്ങളിലൂടെ തന്നെ കുട്ടികൾക്ക് അവർ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് മനസിലാക്കാൻ കഴിയണം. പെൺകുട്ടികളെയും വലിയ തോതിൽ ലഹരിക്കടിമകളാകുന്നു. ലഹരി ഇടപാടുകാരെ കുറിച്ചുള്ള വിവരം പൊതുജനം പോലീസിനെ അറിയിക്കണം. ചാരായത്തിൽ തുടങ്ങി കഞ്ചാവും കടന്ന് എം ഡി എം എ യും, ഹാഷിഷ് ഓയിലുമെല്ലാം ലഹരി പട്ടികയിലേക്ക് കടന്നു വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments