കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ദേവി ജഗദാത്രിയാണെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ മദൻ മിത്ര. അവരെക്കൊണ്ട് മാത്രമേ ജനങ്ങൾക്ക് ജോലി നൽകാൻ സാധിക്കൂ എന്നും മദൻ മിത്ര പറഞ്ഞു. അദ്ധ്യാപക റിക്രൂട്ട്‌മെന്റ് അഴിമതിയിൽ കോടികളുടെ വെട്ടിപ്പ് നടത്തിയ തൃണമൂൽ മുൻമന്ത്രി പാർത്ഥ ചാറ്റർജിയെ ലക്ഷ്യമിട്ടായിരുന്നു മദൻ മിത്രയുടെ പരോക്ഷ വിമർശനം. ഈ കേസിൽ തൃണമൂൽ നേതാക്കൾക്കും മുഖ്യമന്ത്രി മമതയ്‌ക്കും പങ്കുണ്ടെന്ന ആരോപണങ്ങൾ ശക്തവുമാണ്. അതുകൊണ്ടു തന്നെ പൊതുമദ്ധ്യത്തിൽ മമതയുടെ നിരപരാധിത്വം ബോദ്ധ്യപ്പെടുത്താനുളള നീക്കത്തിന്റെ ഭാഗമായിട്ടാണ് പൊതുവേദികളിലെ തൃണമൂൽ നേതാക്കളുടെ ഇത്തരം പരാമർശങ്ങൾ
ദേവി ജഗദാത്രിയോടാണ് മമത ബാനർജിയെ നേതാവ് താരതമ്യം ചെയ്തത്. അവർക്ക് മാത്രമേ യുവാക്കൾക്ക് ജോലി നൽകാൻ സാധിക്കൂ. മറ്റെല്ലാവരും തട്ടിപ്പുകാരാണെന്നും ടിഎംസി നേതാവ് പറഞ്ഞു. ജോലി താരമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയാണ് ആളുകൾ തട്ടിയെടുക്കുന്നത്. ഇത്തരം തട്ടിപ്പുകാരെ കണ്ടാൽ മൂട്ടയെ കൊല്ലുന്നത് പോലെ കൊന്ന് കളയണമെന്നും നേതാവ് പറഞ്ഞു.
ജോലി നൽകാമെന്ന പേരിൽ സ്ഥലവും അമ്മയുടെ ആഭരണങ്ങളും രക്തം വിറ്റ പണവും തട്ടിയെടുക്കുന്നവർക്ക് ഒരിക്കലും മാപ്പ് നൽകരുതെന്നും മദൻ പറഞ്ഞു. ജോലി തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ പാർത്ഥ ചാറ്റർജിക്കെതിരെ പാർട്ടി ശക്തമായ നടപടിയെടുത്തിട്ടുണ്ട്.
ബംഗാളിൽ ഇന്നും യുവാക്കൾ ജോലിയില്ലാതെ കറങ്ങി നടക്കുകയാണെന്നും അത് ലഭിക്കാൻ ആരും പണം നൽകേണ്ട ആവശ്യമില്ലെന്നും മദൻ പറഞ്ഞു. തട്ടിപ്പുകാരെ വിശ്വസിച്ച് അവരുടെ കൈയ്യിൽ പണം ഏൽപ്പിക്കരുത്. മാ ജഗദാത്രിയായ മമത ബാനർജിക്ക് മാത്രമേ നിങ്ങളെ രക്ഷിക്കാനാകൂ എന്നും മദൻ പറഞ്ഞു.
Comments