കണ്ണൂർ: ഇരിട്ടിയിൽ പോക്‌സോ കേസിൽ അറസ്റ്റിലായ അദ്ധ്യാപകന്റെ വീടിന് നേരെ ആക്രമണം. കാക്കയങ്ങാട് പാലാ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകന് എ.കെ ഹസന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയതിന് ഹസൻ അറസ്റ്റിലായത്. ഇതിന് പിന്നാലെ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. ഭാര്യമാത്രമായിരുന്നു സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ സംഘം വീടിനുള്ളിലെ വസ്തുക്കൾ അടിച്ചു തകർക്കുകയായിരുന്നുവെന്നാണ് ഭാര്യ സഫീറയുടെ പരാതി. ഇവർക്കും മർദ്ദനമേറ്റിരുന്നു. തലയ്‌ക്ക് സാരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സഫീറ പറയുന്നു.
മഹിളാ കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം അദ്ധ്യക്ഷയാണ് സഫീറ. ഭർത്താവിനെതിരെ ഉയർന്നത് അടിസ്ഥാന രഹിതമായ ആരോപണം ആണെന്നും സംഭവം രാഷ്‌ട്രീയ പ്രേരിതമാണെന്നുമാണ് സഫീറ പറയുന്നത്.
7ാം ക്ലാസിൽ പഠിക്കുന്ന അഞ്ച് വിദ്യാർത്ഥിനികളാണ് ഹസൻ മോശമായി പെരുമാറിയെുന്ന് കാണിച്ച് പരാതി നൽകിയത്. സ്‌കൂൾ കൗൺസിൽ മുൻപാകെയായിരുന്നു പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
Comments