മുംബൈ: ഛത്രപതി ശിവാജി മഹാരാജിനെ വെള്ളിത്തരയിൽ അവിസ്മരണീയമാക്കാൻ ബോളിവുഡ് താരം അക്ഷയ് കുമാർ. ‘വേദത് മറാത്തേ വീർ ദൗദലേ സാത്’ എന്ന പുതിയ ചിത്രത്തിലാണ് അദ്ദേഹം ശിവാജി മഹാരാജായി വേഷമിടുന്നത്. മറാത്തി ഭാഷയിൽ ഒരുക്കുന്ന സിനിമയുടെ പൂജ ചൊവ്വാഴ്ച മുംബൈയിൽ നടന്നു.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, മഹാരാഷ്‌ട്ര നവനിർമ്മാൺ സേന അദ്ധ്യക്ഷൻ രാജ് താക്കറെ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പൂജ. ഛത്രപതി ശിവാജി മഹാരാജിന്റെ സ്വരാജ്യമെന്ന ആഗ്രഹ പൂർത്തീകരണത്തിനായി നിലകൊണ്ട ഏഴ് ധീരരായ യോദ്ധാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മഹേഷ് മഞ്ജ്‌രേക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം വസീം ഖുറേഷിയാണ്.
അക്ഷയ് കുമാറിന്റെ 50ാം ചിത്രം രാമസേതു കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇതിന് പിന്നാലെയാണ് ചരിത്ര പ്രാധാന്യമുള്ള മറ്റൊരു സിനിമയുമായി നടൻ ആരാധകർക്ക് മുൻപിലെത്തുന്നത്. താൻ സ്വപ്‌നം കണ്ട കഥാപാത്രമാണ് ഈ സിനിമയിൽ അവതരിപ്പിക്കാൻ പോകുന്നതെന്ന് അക്ഷയ് കുമാർ പറഞ്ഞു. ഛത്രപതി ശിവാജി മഹാരാജിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയ ഉത്തരവാദിത്വമാണ്. രാജ് സാർ തന്നോട് ഇക്കാര്യം പറഞ്ഞപ്പോൾ അതിശയിച്ചുപോയി. ആദ്യമായാണ് സംവിധായകൻ മഹേഷ് മഞ്ജ്‌രേക്കറുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്നതെന്നും അക്ഷയ് കുമാർ വ്യക്തമാക്കി.
കഴിഞ്ഞ ഏഴ് വർഷമായി സിനിമയ്‌ക്ക് വേണ്ടിയുള്ള അധ്വാനത്തിലാണ് താനെന്ന് മഹേഷ് മഞ്ജ്‌രേക്കർ പറഞ്ഞു. രാജ്യവ്യാപകമായി റിലീസ് ചെയ്യുന്ന ഏറ്റവും വലിയ മറാത്തി ചിത്രമാകും ഇത്. ഛത്രപതി ശിവാജി മഹാരാജിന്റെ ചരിത്രം എല്ലാ ഇന്ത്യക്കാരും അറിഞ്ഞിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments