പണത്തിനായി പണിയെടുക്കുന്നവരാണ് എല്ലാവരും. ഭാഗ്യം പരീക്ഷിക്കുന്നതിനായി ലോട്ടറി എടുക്കുന്നവരും കുറവല്ല. ലോട്ടറി അടിച്ച് കഴിഞ്ഞാൽ പിന്നെ ജീവിതം സുരക്ഷിതമായല്ലോ, പണിയെടുക്കാതെ ജീവിക്കാമല്ലോയെന്ന സ്വാർത്ഥചിന്തയാണ് പലരെയും ലോട്ടറിയെടുക്കാൻ പ്രേരിപ്പിക്കുന്നത്. ഇത്തരം സ്വാർത്ഥചിന്തകൾ ഉണ്ടാകാതിരിക്കാൻ വ്യത്യസ്തതമായി രീതി പരീക്ഷിക്കുകയാണ് ചൈനക്കാരനായ ലീ.
സമ്മാന തുകയായ 30 മില്യൺ ഡോളറോളം തുക കൈപ്പറ്റാനായി വേഷം മാറിയാണ് ലീ ലോട്ടറി ഓഫീസിനെ സമീപിച്ചത്. ഇത്രമാത്രം തുക തനിക്ക് ലഭിച്ചതായി കുടുംബാംഗങ്ങൾ അറിഞ്ഞാൽ അലസരായി മാറിയാലോ എന്ന ഭയമാണ് അദ്ദേഹം അങ്ങനെ ചെയ്യാൻ കാരണം.
ചൈനയിലെ ഗുവാങ്സിയുടെ തെക്കൻ പ്രദേശമായ നാനിംഗിലുള്ള ലോട്ടറി ഓഫീസിൽ വിജയിച്ച സമ്മാനം ശേഖരിക്കാൻ പോയപ്പോൾ ലീ തല മുതൽ കാൽ വരെ മൂടുന്ന മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചിരുന്നു. തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെയാണ് അദ്ദേഹം ഫോട്ടോകൾക്ക് പോസ് ചെയ്തത്. ഭാര്യയോടും കുട്ടിയോടും ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും അവർ അറിയാതിരിക്കാനാണ് ഇത്തരത്തിൽ ആൾമാറാട്ടം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ തുക സ്വന്തമായി ലഭിച്ചതറിഞ്ഞാൽ അദ്ധ്വാനിക്കണമെന്ന ചിന്ത പോലും നഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോട്ടറി അടിച്ച് കഴിഞ്ഞാൽ എല്ലാവരെയും അറിയിച്ച് പ്രശസ്തരാകുന്ന ഈ കാലത്ത് വ്യത്യസ്തമായ രീതിയിൽ ചിന്തിച്ച ലീയാണ് സമൂഹമാദ്ധ്യമങ്ങളിലെ താരം. ലഭിച്ച തുകയിൽ നിന്നും 5 ദശലക്ഷം യുവാൻ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി അദ്ദേഹം നൽകി. ബാക്കി തുക ഉപയോഗിച്ച് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments