ന്യൂഡൽഹി : ഗവർണർക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും ഉണ്ടെന്ന് പുതുച്ചേരി ലഫ്.ഗവർണർ തമിഴിസൈ സൗന്ദരരാജൻ . അതിനാൽ തന്നെ അദ്ദേഹത്തോട് രാജി ആവശ്യപ്പെടുന്നത് ഭരണഘടനാ പദവിയെ അപമാനിക്കലാണെന്നും അവർ പറഞ്ഞു. ന്യൂഡൽഹിയിലെ നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത ശേഷം മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു തെലങ്കാന ഗവർണർ കൂടെയായ സൗന്ദരരാജൻ.
അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു വിഭാഗം രാഷ്‌ട്രീയ പാർട്ടികൾ ഗവർണർ രാജിവയ്‌ക്കണം എന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഈ ആവശ്യം തികച്ചും അനാവശ്യമാണ്. ഗവർണർക്ക് തന്റെ അഭിപ്രായം പ്രകടിപ്പിക്കാൻ അവകാശമുണ്ട്.
ആർക്കെങ്കിലും അതിനോട് വിയോജിപ്പുണ്ടെങ്കിൽ അതിനെതിരെ പ്രതികരിക്കാം .അല്ലാതെ ഗവർണർ അഭിപ്രായം പ്രകടിപ്പിച്ചാൽ രാജിവെക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്യണം എന്ന് പറയുന്നത് ഗവർണർ പദവിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അവർ വ്യക്തമാക്കി.
രാജ്യത്തെ എല്ലാ പൗരന്മാർക്കും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. രാഷ്‌ട്രീയ കക്ഷികൾ സ്വീകരിക്കുന്ന ഈ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു. മതേതരത്വത്തിന്റെ ഭരണഘടനാ തത്വങ്ങൾക്ക് എതിരായി ഗവർണർ പ്രവർത്തിച്ചു എന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ രാഷ്‌ട്രപതിക്ക് കഴിഞ്ഞ ദിവസം കത്ത് എഴുതിയിരുന്നു. ഗവർണറെ തിരിച്ച് വിളിക്കണം എന്നാണ് കത്തിൽ ഡിഎംകെയുടെ ആവശ്യം . ഇതിനെതിരെയാണ് തമിഴിസൈ സൗന്ദരരാജൻ പ്രതികരിച്ചത്.
















Comments