ഡൽഹി: ഗുജറാത്തും ഹിമാചൽ പ്രദേശും തിരഞ്ഞെടുപ്പ് ചൂടിലാണ്. പാർട്ടികൾ എല്ലാം ശക്തമായ പ്രചാരണമാണ് സംസ്ഥാനങ്ങളിൽ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാടായ ഗുജറാത്തിൽ 27 വർഷമായി ഭരണം തുടരുന്ന ബിജെപിയെ താഴെ ഇറക്കുക എന്നത് പ്രതിപക്ഷ പാർട്ടികളെ സംബന്ധിച്ച് ബാലികേറാമലയാണ്. ഗുജറാത്തിലും ഹിമാചലിലും ബിജെപിയെ പരാജയപ്പെടുത്തണമെങ്കിൽ ഭൂരിപക്ഷം വരുന്ന ഹിന്ദുസമുദായത്തിന്റെ വോട്ട് നേടണമെന്ന വിലയിരുത്തലിലാണ് കോൺഗ്രസും ആം ആദ്മിയും. പ്രിയങ്ക വാദ്രയാണ് കോൺഗ്രസിനായി പ്രധാനമായും പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. ഹിമാചൽ പ്രദേശിൽ പ്രചാരണത്തിനെത്തിയ പ്രിയങ്കയുടെ ആദ്യ സന്ദർശനം കാൻഗ്ര ജില്ലയിലെ ജ്വാലാജി ക്ഷേത്രത്തിലാണ്. ജില്ലയിൽ സംഘടിപ്പിച്ചിരിക്കുന്ന റാലിയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് കോൺഗ്രസ് നേതാവിന്റെ ക്ഷേത്ര ദർശനം.
ആം ആദ്മി പാർട്ടിയാകട്ടെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ കപട ഹിന്ദുത്വ കാർഡ് ഉയർത്തി കൊണ്ടാണ് പ്രചാരണം നടത്തുന്നത്. കറൻസികളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉൾപ്പെടുത്തുക, അയോദ്ധ്യയിലേയ്‌ക്ക് സൗജന്യയാത്ര എന്നിങ്ങനെ നീളുന്നു ഗുജറാത്തിൽ എത്തിയ അരവിന്ദ് കേജ്രിവാളിന്റെ വാഗ്ദാനങ്ങൾ. അതേസമയം, ബിജെപിയാകട്ടെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഭാരതീയ സംസ്‌ക്കാരം, ഹിന്ദുത്വം എന്നീ ആശങ്ങൾ ഉയർത്തുന്നതോടൊപ്പം മോദി സർക്കാരിന്റെ വികസന നയങ്ങളും പദ്ധതികളും ഉയർത്തിക്കാട്ടിയാണ് പ്രചാരണം നടത്തുന്നത്. വികസനം, പാർപ്പിടം, കർഷകർക്കായുള്ള പദ്ധതികൾ, വിദ്യാഭ്യാസം, സ്‌കൂളുകളുടെ വികസനം, ആരോഗ്യരംഗത്തെ വളർച്ച, സ്ത്രീ സുരക്ഷ ഇവയെല്ലാം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭീകരവാദത്തിനെതിരെയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും കേന്ദ്രസർക്കാർ എടുത്ത നിലപാടുകളും തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്യും.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഡിസംബർ 1, 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കും. ഡിസംബർ 8-ന് ഫലം പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച അറിയിച്ചു. നിയമസഭയിലെ 182 സീറ്റുകളിൽ ആദ്യഘട്ടത്തിൽ 89 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തിൽ 93 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. ഈ വർഷം 4.9 കോടി വോട്ടർമാരാണ് വോട്ട് ചെയ്യാൻ അർഹരായിട്ടുള്ളത്. ഗ്രാമപ്രദേശങ്ങളിൽ 34,000 പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെ 51,000 പോളിംഗ് സ്റ്റേഷനുകൾ ഗുജറാത്തിൽ സജ്ജീകരിക്കും.
Comments