പാചകം ഇഷ്ടപ്പെടാത്തവർ ഇന്ന് വളരെ ചുരുക്കമായിരിക്കും. കണ്ടും കേട്ടും രുചിച്ചും അറിഞ്ഞ വിഭവങ്ങൾ സ്വന്തം അടുക്കളയിൽ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. പാചകം ഇഷ്ടപ്പെടുന്നവരാണെങ്കിലും അത് കഴിഞ്ഞുള്ള പാത്രം കഴുകൽ അധികമാർക്കും അത്ര താൽപ്പര്യമില്ലാത്ത വിഷയമാണ്.
ഡിഷ് വാഷുകൾ ഉപയോഗിച്ച് ഉരച്ചുരച്ച് കഴുകിവൃത്തിയാക്കേണ്ട പാത്രങ്ങളുടെ കാര്യമാലോചിക്കുമ്പോൾ ചിലർ പാചകം തന്നെ വേണ്ടെന്ന് വെക്കും. പാത്രങ്ങൾ കഴുകാൻ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് സ്‌ക്രെബർ അഥവാ സ്‌പോഞ്ചുകൾ. അങ്ങനെ നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല ഇവ. നമ്മുടെ ആരോഗ്യത്തിൽ വളരെയേറെ സ്വാധീനം ചെലുത്തുന്ന ഒന്നാണ് ഈ സ്‌പോഞ്ചുകളെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ?
നമ്മൾ ഉപയോഗിക്കുന്ന സ്‌പോഞ്ചുകൾ നിശ്ചിത സമയം കഴിഞ്ഞും മാറ്റിയില്ലെങ്കിൽ പല രോഗങ്ങളെയും ക്ഷണിച്ചുവരുത്തും. ഒരാഴ്ചയിൽ കൂടുതൽ ഒരു സ്‌ക്രെബർ ഉപയോഗിക്കുകയാണെങ്കിൽ അത് വളരെയേറെ രോഗാണുക്കളെയാണ് സൃഷ്ടിക്കുക. ബാക്ടീരിയ വളരാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് സ്‌പോഞ്ചുകൾ എന്നാണെന്ന് വിദഗ്ധർ പറയുന്നു.സ്പോഞ്ചുകൾക്ക് ഒരു ചതുരശ്ര സെന്റിമീറ്ററിൽ 45 ബില്ല്യൺ സൂക്ഷ്മാണുക്കളെ ഉൾക്കൊള്ളാൻ കഴിയുമത്രേ.
ഇത് ഗുരുതരമായ ഭക്ഷ്യജന്യരോഗങ്ങൾക്കാണ് വഴിയൊരുക്കുക. രണ്ടാഴ്ചയിലൊരിക്കലെങ്കിലും സ്‌പോഞ്ചുകൾ മാറ്റുക എന്നതാണ് ഇത് മറികടക്കാനുള്ള ഒരു പോംവഴി. മറ്റൊന്ന് സ്‌പോഞ്ച് ചൂടുവെള്ളത്തിൽ കഴുകുകയോ തിളപ്പിച്ച് എടുത്ത് വൃത്തിയാക്കുകയോ ചെയ്യാം. മെറ്റൽ ഒഴിച്ചുള്ള സ്‌ക്രെബുകൾ ഒരു മിനിറ്റ് നേരം മൈക്രോവേവ് ചെയ്യുകയോ ബ്ലീച്ച് ലായനിയിൽ അഞ്ചു മിനിറ്റ് നേരം മുക്കി വെക്കുകയോ ചെയ്തും വൃത്തിയാക്കാം.
Comments