കണ്ണൂർ: കാറിൽ ചാരി നിന്നതിന്റെ പേരിൽ ആറ് വയസ്സുകാരനെ ചവിട്ടി വീഴ്‌ത്തിയ തലശ്ശേരി സ്വദേശി മുഹമ്മദ് ഷിഹാദിന്റെ ലൈസൻസ് റദ്ദാക്കും. എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടേതാണ് പ്രതിയുടെ ലൈസൻസ് റദ്ദാക്കാനുള്ള തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷിഹാദിന് നോട്ടീസ് നൽകി.
ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം വല്ലതും ഉണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് നിർദ്ദേശിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കണമെന്നാണ് എൻഫോഴ്‌സ്‌മെന്റ് ആർടിഒ എ.സി ഷീബയുടെ നിർദ്ദേശം. ഷിഹാദ് കുട്ടിയ്‌ക്കെതിരെ നടത്തിയത് അതിക്രൂരമായ ആക്രമണമാണെന്നാണ് റിമാൻഡ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള നീക്കം നടത്തിയത്.
മരണംവരെ സംഭവിക്കാൻ സാദ്ധ്യതയുള്ള ചവിട്ടായിരുന്നു കുട്ടിയ്‌ക്ക് ഏറ്റതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കാറിൽ ചാരി നിന്ന കുട്ടിയെ പ്രതി ആദ്യം തലയ്‌ക്ക് അടിച്ചു. ഇതിന് ശേഷവും കാറിന് സമീപം തന്നെ തുടർന്നു. ഇതോടെയാണ് ഷിഹാദ് കുട്ടിയെ ചവിട്ടിയത്. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് മരണം വരെ സംഭവിക്കുമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
















Comments