പരാജയപ്പെട്ട സിനിമകളെ വിമർശിക്കുന്നവർ തങ്ങൾക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് വിലയിരുത്തണമെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ്. നിരവധി പേരുടെ ഉപജീവന മാർഗ്ഗമാണ് സിനിമ. വിമർശിക്കുന്നതിൽ തെറ്റില്ല അതിനെ കൊല്ലരുത്. കൊറിയയിലും ധാരാളം സിനിമകൾ ഇറങ്ങുന്നുണ്ട്. എന്നാൽ ആ സിനിമകളെ അവിടെയുള്ള ആളുകൾ വിമർശിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പോസ്റ്റർ ഒട്ടിക്കുന്ന ആളുകൾ മുതൽ അഭിനയിക്കുന്ന ആളുകൾ ഉൾപ്പെടെ നിരവധി പേരാണ് ഒരു സിനിമയെ ആശ്രയിച്ച് ജീവിക്കുന്നത്. സിനിമയെ വിമർശിക്കുന്നവർ എന്താണ് നിങ്ങളുടെ യോഗ്യത എന്ന് കൂടെ ചിന്തിക്കണം. ഇവിടെ നമ്മൾ സിനിമയെ കൊന്നു കളയും. കൊറിയൻ രാജ്യങ്ങളിൽ സിനിമയെ വിമർശിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ. അവർ സിനിമയുടെ നല്ല വശങ്ങളാണ് പറയാറുള്ളത്.
സിനിമകൾക്കെതിരെ ട്രോൾ ഉണ്ടാക്കുന്നവർ ചിന്തിക്കണം അവർക്കും ഭാര്യയും കുടുംബവുമുണ്ടെന്ന്. ട്രോൾ ചെയ്യപ്പെടുന്ന കലാകാരന്റെ മാനസികാവസ്ഥായെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ. എന്റെ കാസനോവ എന്ന സിനിമ പരാജയപ്പെട്ടിരുന്നു. പിന്നീട് എവിടെ പോയാലും ആ സിനിമയെക്കുറിച്ചാണ് ആളുകൾ ചോദിക്കുക. അതിനു മുമ്പുള്ള എന്റെ ഹിറ്റായ മൂന്ന് സിനിമകൾക്കും സ്റ്റേറ്റ് അവാർഡ് കിട്ടിയിരുന്നു. എന്നാൽ അതിനെ പറ്റി ആരും ഒന്നും ചോദിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
നിവിൻ പോളി, അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ സാറ്റർഡേ നൈറ്റാണ് അവസാനമായി റിലീസ് ചെയ്ത റോഷൻ ആൻഡ്രൂസ് ചിത്രം. നവംബർ 4നാണ് ചിത്രം തിയേറ്ററിലെത്തിയത്. സ്റ്റാൻലി, അജിത്ത്, ജസ്റ്റിൻ, സുനിൽ എന്നീ നാലു കൂട്ടുകാരുടെ സൗഹൃദത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. കൂട്ടുകാരെപ്പിരിയേണ്ടി വരുമെന്നോർത്ത് സൈനിക് സ്‌കൂളിലെ അഡ്മിഷൻ വേണ്ടെന്നു വെച്ചവനാണ് സ്റ്റാൻലി. പിണക്കക്കാരായ ജസ്റ്റിനും അജിത്തും. ഇവരെ എല്ലാവരെയും ചേർന്ന് പിടിച്ച പൂച്ച സുനിൽ എന്നീ നാല് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.
Comments