ബംഗലൂരു: യുവമോർച്ച നേതാവായിരുന്ന പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് ഭീകരർ കൂടി പിടിയിലായി. എൻഐഎ ആണ് ഇവരെ പിടികൂടിയത്.
ദക്ഷിണ കന്നഡയിലെ ഹൂബളളിയിലും മൈസൂരിലും അടക്കം അഞ്ച് ഇടങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. ഇതിനൊടുവിലാണ് അറസ്റ്റ് വിവരം പുറത്തുവരുന്നത്.
കെ. മഹമ്മദ് ഇഖ്ബാൽ, കെ ഇസ്മയിൽ ഷാഫി, ഇബ്രാഹിം എന്നിവരാണ് പിടിയിലായത്. പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിൽ മൂവർക്കും സജീവപങ്കുണ്ടെന്നാണ് വിവരം. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തിലെത്തി.
കേസിൽ നാല് പേരെ ഇനിയും പിടികിട്ടാനുണ്ട്. ഒളിവിലുളള ഇവർക്കായി എൻഐഎ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ബെല്ലാരെയിൽ യുവമോർച്ച ജില്ല സെക്രട്ടറിയായിരുന്നു പ്രവീൺ നെട്ടാരു. ജൂലൈ 26 ന് രാത്രി 8.30 ഓടെ സ്വന്തം ചിക്കൻ കട അടച്ച് മടങ്ങുന്നതിനിടെ അക്രമികൾ പ്രവീണിനെ വധിക്കുകയായിരുന്നു.
















Comments