തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ ജോലിക്കെടുക്കാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ കത്തയച്ച സംഭവത്തിൽ പരിഹാസവുമായി രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ. വിദ്യാഭ്യാസ യോഗ്യതയോ പ്രവൃത്തി പരിചയമോ ആവശ്യമില്ലാത്ത സഖാക്കൾക്ക് തിരുവനന്തപുരം കോർപ്പറേഷനിൽ ജോലി ലഭിക്കും എന്നാണ് ജയശങ്കർ വിമർശിക്കുന്നത്.
‘പ്രത്യയശാസ്ത്ര പരിജ്ഞാനവും പാർട്ടി കൂറുമുളള സഖാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു കൊളളുന്നു. വിദ്യാഭ്യാസ യോഗ്യതയോ പ്രവൃത്തി പരിചയമോ നിർബന്ധമല്ല. തത്കാലം തിരുവനന്തപുരം കോർപ്പറേഷനിൽ മാത്രമേ ഈ സൗകര്യമുളളൂ. വൈകാതെ പബ്ലിക് സർവീസ് കമ്മീഷൻ പിരിച്ചു വിട്ട് പാർട്ടി സർവീസ് കമ്മീഷൻ രൂപീകരിക്കും. മാമാട്ടിക്കുട്ടി മുത്തല്ല, തിരുവോന്തരം മരതകമാണ്’ എന്നാണ് മേയർ ആര്യ രാജേന്ദ്രനെയും സിപിഎം ഭരണസമിതിയെയും പരിഹസിച്ച് ജയശങ്കർ ഫെയ്സ്ബുക്കിൽ കുറിച്ചത്.
അതേസമയം, വിഷയത്തില്‍ യുവമോർച്ച പ്രവര്‍ത്തകർ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധക്കരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡെപ്യൂട്ടി മേയറെ ബിജെപി കൗൺസിലർമാർ തടഞ്ഞു. മേയർ ആര്യാ രാജേന്ദ്രനെ കോർപ്പറേഷനിൽ കയറാൻ അനുവദിക്കില്ല എന്നാണ് ബിജെപി കൗൺസിലർമാരുടെ നിലപാട്. മേയര്‍ ആര്യാ രാജേന്ദ്രന്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും അയോഗ്യയാക്കണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് യൂത്ത് കോൺഗ്രസ് പരാതിയും നൽകി.
Comments