നെക്സ നിരയിലുള്ള വാഹനങ്ങൾക്ക് നവംബർ മാസം കിഴിവുകൾ പ്രഖ്യാപിച്ച് മാരുതി സുസുക്കി. ഇഗ്‌നിസ് , സിയാസ്, ബലേനോ എന്നിവയ്‌ക്ക് 50,000 രൂപ വരെ കിഴിവ് ലഭിക്കും എന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ ഗ്രാൻഡ് വിറ്റാര എസ്‌യുവിയ്‌ക്കും XL6 എംപിവിയ്‌ക്കും ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല.
1. മാരുതി സുസുക്കി ഇഗ്നിസ്
നെക്‌സ നിരയിലെ ഏറ്റവും വില കുറവുള്ള കാറാണ് ഇഗ്നിസ്. മോഡലിന് 50,000 രൂപ വരെയാണ് മാരുതി കിഴിവ് വാഗ്ദാനം ചെയ്യുന്നത്. മാനുവൽ വേരിയന്റുകൾക്കാണ് ഓഫറുകൾ കൂടുതൽ. എഎംടി വേരിയന്റുകൾക്ക് 20,000 രൂപ കിഴിവ് ലഭിക്കും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് AMT ഗിയർബോക്‌സ് ഓപ്ഷനുകളോടുള്ള 83hp, 1.2-ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇഗ്നിസിന് കരുത്തേകുന്നത്.
2. മാരുതി സുസുക്കി സിയാസ്
മാരുതിയുടെ ദീർഘകാലമായുള്ള മിഡ്‌സൈസ് സെഡാനായ സിയാസിന്റെ എല്ലാ മാനുവൽ വേരിയന്റുകളിലും 40,000 രൂപ വരെയും എല്ലാ ഓട്ടോമാറ്റിക് വേരിയന്റുകളിൽ 30,000 രൂപ വരെയും കിഴിവ് ലഭിക്കും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓപ്ഷണൽ 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് വാഹനത്തിന് 105 എച്ച്പി, 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് കരുത്തേകുന്നത്. ഹോണ്ട സിറ്റിയുടെ പ്രധാന എതിരാളിയാണ് സിയാസ്. ഹോണ്ട സിറ്റിയ്‌ക്കൊപ്പം, സ്കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വിർറ്റസ്, ഹ്യുണ്ടായ് വെർണ തുടങ്ങിയ ഇടത്തരം സെഡാനുകളും ഇന്ത്യൻ നിരത്തിൽ സിയാസിന്റെ എതിരാളികളാണ്.
3. മാരുതി സുസുക്കി ബലേനോ
പുതിയ ബലേനോയുടെ പെട്രോൾ, സിഎൻജി വേരിയന്റുകളിൽ 10,000 രൂപ കിഴിവ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. ഈ വർഷം ആദ്യം പുറത്തിറക്കിയ പുതിയ തലമുറ ബലേനോ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് AMT-യാണ്. 90hp, 1.2-ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ടാറ്റ ആൾട്രോസ്, ഹ്യൂണ്ടായ് i20, ടൊയോട്ട ഗ്ലാൻസ എന്നിവയാണ് ബലേനോയുടെ പ്രധാന എതിരാളികൾ.
ശ്രദ്ധിക്കുക- ഡിസ്കൗണ്ടുകൾ ഓരോ നഗരത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. സ്റ്റോക്കിന്റെ ലഭ്യതയ്‌ക്ക് വിധേയവുമാണ്. കൃത്യമായ കിഴിവ് കണക്കുകൾ അറിയാൻ അടുത്തുള്ള പ്രാദേശിക ഡീലറുമായി ബന്ധപ്പെടുക.
















Comments