തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ഇരുചക്രവാഹനങ്ങൾ മോഷണം നടത്തുന്ന സംഘം പിടിയിൽ. വർക്കല സ്വദേശികളായ മൂന്ന് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പുത്തൻചന്ത സ്വദേശി സുരേഷ്, അൻസിൽ, അബ്ദുൾ ഒഫൂർ എന്നിവർ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളടങ്ങിയ സംഘമാണ് പോലീസിന്റെ പിടിയിലായത്.
വർക്കല റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതിനെ തുടർന്ന് ലഭിച്ച പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. നിലവിൽ മൂന്ന് കേസുകളാണ് ഇവർക്കെതിരെ വർക്കല സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുട്ടികളെ ഉപയോഗിച്ചാണ് സംഘം മോഷണം നടത്തുന്നത്.
പിന്നീട് തുച്ഛമായ പണം നൽകി ഈ വാഹനങ്ങൾ വാങ്ങും. തുടർന്ന് ഇവ പൊളിച്ച് വിൽക്കുകയാണ് ഇവരുടെ രീതി. സ്റ്റേഷൻ പരിധിയിലെ മറ്റ് രണ്ട് ബൈക്കുകൾ കൂടി പൊളിച്ചു വിറ്റതായി പ്രധാന പ്രതിയായ സുരേഷ് മൊഴി നൽകിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് വ്യക്തമാക്കി.
Comments