കൊച്ചി: കോതമംഗലത്ത് കെഎസ്ആർടി ബസിന്റെ പറക്കും തളിക മോഡൽ ഓട്ടത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി സസ്‌പെൻഡ് ചെയ്യുമെന്ന് എംവിഡി വ്യക്തമാക്കി. ബസ് വീണ്ടും സർവ്വീസിന് അയക്കരുതെന്നും കോതമംഗലം ഡിപ്പോ അധികൃതരോട് ആവശ്യപ്പെട്ടു. ബസ് പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് വീണ്ടും സർവീസ് നടത്തുന്നത് തടഞ്ഞത്. ഡ്രൈവറോട് നാളെ രാവിലെ 11 മണിക്ക് ഹാജരാകാൻ ജോയിന്റ് ആർടിഒ നിർദേശം നൽകി.
പറക്കും തളിക സിനിമയിലെ താമരാക്ഷൻ പിള്ള ബസിനെ അനുസ്മരിക്കും വിധമാണ് കോതമംഗലം ഡിപ്പോയിലെ കെഎസ്ആർടിസി ബസിനെ രൂപം മാറ്റിയത്. ഒരു വിവാഹത്തിന് വാടകയ്‌ക്ക് നൽകിയ ബസിലാണ് മാറ്റം വരുത്തിയത്. കാടും പടലുമൊക്കെ വശങ്ങളിൽ വെച്ചു പിടിപ്പിച്ച് മുകളിൽ താമരാക്ഷൻ പിളള ബസ് എന്നും വലുതായി എഴുതി വെച്ചിരുന്നു.
ഞായറാഴ്ച ദിവസങ്ങളിൽ കല്യാണ പാർട്ടികൾക്കായി കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസ് നടത്താൻ അനുമതിയുള്ളതാണ്. എന്നാൽ വാഹനം വാടകയ്‌ക്ക് എടുക്കുന്ന സമയത്ത് യാതൊരു വിധത്തിലുള്ള അലങ്കാരങ്ങളോ തോരണങ്ങളോ പാടില്ലെന്ന വ്യവസ്ഥയുണ്ട്. ഇത്തരം നിർദേശം നിലനിൽക്കുമ്പോഴാണ് രാപമാറ്റം വരുത്തി അപകടമാം രീതിയിലുള്ള യാത്ര.
രണ്ട് ദിവസം മുൻപാണ് രമേശ് എന്നയാളെത്തി കല്യാണ ഓട്ടം ബുക്ക് ചെയ്തതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. ബസിന് ചുറ്റും മരച്ചില്ലകൾ വച്ചുകെട്ടുകയായിരുന്നു. കാഴ്ച മറയ്‌ക്കും വിധം വാഴയും തെങ്ങും മറ്റ് അലങ്കരങ്ങളും വെച്ചുപ്പിടിപ്പിച്ചിരുന്നു. ബ്രസീൽ, അർജൻറീന പതാകകളും ബസിന് മുന്നിൽ കെട്ടി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ചില പൊതുപ്രവർത്തകരാണ് കോതമംഗലം പോലീസിനെ വിവരം അറിയിച്ചത്. മോട്ടോർ വാഹന വകുപ്പിനും ദൃശ്യങ്ങൾ കൈമാറിയിരുന്നു.
















Comments