അമരാവതി: ആംബുലൻസ് നൽകാത്തതിനെ തുടർന്ന് അനന്തരവന്റെ മൃതദേഹം ബൈക്കിൽ മോർച്ചറിയിലേക്ക് കൊണ്ടുപോയി യുവാവ്. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിലാണ് ദയനീയമായ സംഭവം. കുട്ടിയുടെ മൃതദേഹം മോർച്ചറിയിലേയ്‌ക്ക് കൊണ്ടു പോകാൻ ആംബുലൻസ് ആവശ്യപ്പെട്ടിട്ടും ആശുപത്രി ജീവനക്കാർ നൽകിയില്ല. ഇതോടെയാണ് 14-കാരനായ അനന്തരവന്റെ മൃതദേഹം യുവാവ് ബൈക്കിൽ കയറ്റി മോർച്ചറിയിലേക്ക് മാറ്റിയത്. കരഞ്ഞു കൊണ്ടാണ് ഇദ്ദേഹം കുട്ടിയുടെ മൃതദേഹം മോർച്ചറിയിലെത്തിച്ചത്.
നവംബർ 6 ഞായറാഴ്ച മച്ചിലിപട്ടണം മങ്ങിനാപുടി ബീച്ചിലാണ് സംഭവം. പെഡപട്ടണം ഗ്രാമത്തിലെ തീരത്താണ് എട്ടാം ക്ലാസുകാരനായ നവീനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മൃതദേഹം മോർച്ചറിയിലെത്തിക്കുന്നതിന് സമീപത്തെ ആശുപത്രിയിൽ ഫോൺ വിളിച്ച് ആംബുലൻസ് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, ഇയാളുടെ അപേക്ഷയോട് ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല. മറ്റ് വഴി ഇല്ലാതെ വന്നതോട പിഞ്ചു കുട്ടിയുടെ മൃതദേഹം നെഞ്ചോട് ചേർത്ത് ബൈക്കിൽ മോർച്ചറിയിൽ എത്തിക്കുകയായിരുന്നു. ഗുഡുരു ജില്ലാ പരിഷത്ത് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. അതേസമയം, ആംബുലൻസ് വിട്ടു നൽകാത്ത സംഭവത്തിൽ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments