തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനെ ന്യായീകരിച്ച് കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്. തിരുവനന്തപുരം കോര്‍പറേഷനിലെ വിവാദമായ കത്ത് മേയര്‍ ആര്യാ രാജേന്ദ്രന്‍ എഴുതിയതാകില്ല എന്നാണ് കോഴിക്കോട് മേയറുടെ പ്രതികരണം. തന്റെ ഒപ്പല്ല എന്നും പരിശോധന നടക്കട്ടെ എന്നും ആര്യാ രാജേന്ദ്രൻ വ്യക്തമായി പറയുന്നുണ്ടെന്നും അതിനാൽ കത്ത് അവർ എഴുതിയതാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നുമാണ് ബീനാ ഫിലിപ്പ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
ഭാഷ വായിച്ചിട്ട് അത് ആര്യ എഴുതിയതാണെന്ന് തനിക്ക് തോന്നുന്നില്ല. ആര്യ ഇത്തരമൊരു ഭാഷയിൽ എഴുതില്ല. രാഷ്‌ട്രീയബോധമുള്ള ആര്യയുടെ ഭാഷ ഇങ്ങനയാണെന്ന് താൻ കരുതുന്നില്ല. നിയമനക്കാര്യങ്ങളില്‍ പൊതുവില്‍ പാര്‍ട്ടി ഇടപെടാറില്ല എന്നും മേയർ ബീനാ ഫിലിപ്പ് പറഞ്ഞു. അതേസമയം, നിയമന കത്ത് വിവാദത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. കോർപറേഷനിൽ ബിജെപി ഉപരോധം സംഘടിപ്പിച്ചു. മേയറുടേയും ഡി ആർ അനിലിന്റേയും ഓഫിസിന് മുന്നിൽ ബിജെപി കൊടി നാട്ടി. ബിജെപിയുടെ വനിത കൗൺസിലർമാരുൾപ്പെടെ കിടന്നു കൊണ്ടാണ് പ്രതിഷേധിച്ചത്.
സമരം കടുപ്പിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. മേയർ രാജി വയ്‌ക്കും വരെ സമരം തുടരുമെന്ന് ബിജെപി പറയുന്നു. ജനങ്ങൾക്ക് ഉപകാരം ഇല്ലാത്ത ഓഫിസ് പ്രവർത്തിക്കേണ്ടതില്ലെന്നാണ് ബിജെപി കൗൺസിലർമാരുടെ നിലപാട്. കോൺഗ്രസും സമരം നടത്തുകയാണ്. യുഡിഎഫ് കൗൺസിലർമാർ കോർപറേഷന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ഇതിനിടെ വിവാദ കത്തിന്മേലുള്ള പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ച് തുടങ്ങി.
Comments