തിരുവനന്തപുരം : ആലിബാബയും 40 കള്ളന്മാരുമാണ് കേരളം ഭരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജോലി ലഭിക്കാൻ നാഗപ്പന്മാരുടെ കത്തിന് വേണ്ടി നടക്കേണ്ട ഗതികേടാണ്.മേയർ നടത്തുന്നത് ഞെട്ടിപ്പിക്കുന്ന അഴിമതിയാണെന്നും ചെന്നിത്തല പറഞ്ഞു. മേയറുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റി നഗരസഭാ കവാടത്തിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്നു മുതലാണ് ആനാവൂർ നാഗപ്പൻ പിഎസ്സി ചെയർമാൻ ആയത്. അദ്ദേഹം എംപ്ലോയിമെന്റ് ഡയറക്ടറായോ. കോർപ്പറേഷൻ മേയറുടെ കത്ത് പോകേണ്ടത് ആനാവൂർ നാഗപ്പനാണോ. 295 പേരെ നിയമിക്കാനുള്ള നിയമന ഉത്തരവിന് വേണ്ടി മേയർ കത്ത് എഴുതേണ്ടത് ആനാവൂരിനാണോ തുടങ്ങിയ ചോദ്യങ്ങളാണ് ഉദ്ഘാടന വേളയിൽ ചെന്നിത്തല ഉന്നയിച്ചത്.
കോർപറേഷനിൽ താൽക്കാലിക നിയമനത്തിന് പാർട്ടിക്കാരുടെ പട്ടിക തേടിയ മേയറുടെ കത്ത് വലിയ വിവാദത്തിനാണ് തിരിക്കൊളുത്തിയത്. സംഭവത്തിൽ മേയർക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്- ബിജെപി പ്രവർത്തകർ രംഗത്ത് വന്നിരുന്നു. ഇതിനിടെ തന്റെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി മേയർ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു . പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിടുകയായിരുന്നു. എന്നാൽ കേസെടുക്കാതെ തന്നെ പരാതി പരിഗണിക്കുന്ന നിലപാടിലൂടെയാണ് ക്രൈംബ്രാഞ്ച് സംഘം മുന്നോട്ടുപോകുന്നത്. പരാതിയിൽ പ്രാഥമിക റിപ്പോർട്ട് നൽകാനാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിർദേശം. അതായത്, കേസ് രജിസ്റ്റർ ചെയ്യാതെ തന്നെ അന്വേഷണ നടപടികൾ തുടരും. പരാതിക്കാരിയായ മേയറുടെ മൊഴിയെടുക്കുന്നത് ഉൾപ്പെടെ ഇതിന്റെ ഭാഗമാണ്.
സംഭവത്തിൽ മേയർ പോലീസിന് പരാതി നൽകാതിരുന്നത് നിയമോപദേശപ്രകാരമാണെന്ന് റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കോടതി ഇടപെടൽ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മേയർ പോലീസിന് പരാതി നൽകാതിരുന്നത്. ഈ സാഹചര്യത്തിൽ നിയമോപദേശമനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി സമർപ്പിക്കുകയായിരുന്നു ആര്യാ രാജേന്ദ്രൻ.
Comments