ഇലന്തൂരിലെ നാട്ടുകാർക്കും ഓട്ടോക്കാർക്കും പ്രിയപ്പെട്ടവനായിരുന്ന ഫ്രാങ്കോ എന്ന നായ ഓർമ്മയായി. തലച്ചോറിലെ വൈറസ് ബാധയെ തുടർന്ന് ഒരു മാസക്കാലമായി അവശനിലയിൽ കഴിഞ്ഞ ഫ്രാങ്കോ തിങ്കളാഴ്ചയാണ് ചത്തത്. ജീവൻ രക്ഷിക്കാൻ നാട്ടുകാരെല്ലാം ഒരുമിച്ച് ശ്രമിച്ചുവെങ്കിലും വിധി അവനെ വിളിക്കുകയായിരുന്നു. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ് ഫ്രാങ്കോയുടെ കഥ. തവിട്ടും വെള്ളയും കലർന്ന നിറവും, നീണ്ട ചെവിയുമുള്ള ഒരു നായക്കുട്ടി ഇലന്തൂരിൽ എത്തുകയായിരുന്നു. എല്ലാവരോടും പെട്ടന്ന് ഇണങ്ങുന്ന സ്വഭാവമുള്ള ഒരു നല്ല നായക്കുട്ടി. ഭക്ഷണമൊന്നും ലഭിക്കാതെ കടത്തിണ്ണയിലും ഓട്ടോ സ്റ്റാന്റിലുമായി കിടന്ന് എല്ലും തോലുമായ ഒരു നായക്കുട്ടിയെ സംരക്ഷിക്കാൻ ഇലന്തൂരിലെ ഓട്ടോക്കാർ തയ്യാറായതോടെയാണ് മനോഹരമായ ഒരു സൗഹൃദത്തിന് തുടക്കം കുറിച്ചത്.
ഓട്ടോ തൊഴിലാളികൾ നായക്കുട്ടിയെ എടുത്ത് വെള്ളം നൽകി. പിന്നീട് ഡ്രൈവർമാരിൽ ഒരാൾ വീട്ടിൽ നിന്നും കൊണ്ടു വന്ന പൊതിച്ചോറും നൽകിയതോടെ നായക്കുട്ടി എണീറ്റ് നിൽക്കാൻ തുടങ്ങി. ആരോഗ്യവാനായതോടെ തനിക്ക് ചോറ് നൽകിയവരോട് അവൻ സ്‌നേഹം പ്രകടിപ്പിച്ചു തുടങ്ങി. പിന്നീട് ഓട്ടോ തൊഴിലാളികളെ ചുറ്റിപ്പറ്റിയായി അവന്റെ ജീവിതം. തങ്ങളുടെ പ്രിയപ്പെട്ട നായക്കുട്ടിക്ക് എല്ലാവരും കൂടി ചേർന്ന് ഫ്രാങ്കോ എന്ന് പേരും ഇട്ടു. പിന്നെ അവൻ നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായി. കുട്ടികൾക്കും മുതിർന്നവർക്കും ഫ്രാങ്കോ നല്ല ഒരു കൂട്ടുകാരനായി. ഇവന്റെ സ്‌നേഹത്തിന് മുന്നിൽ ആരും തലതാഴ്‌ത്തി പോകും. കൃത്യമായ ഇടവേളകളിൽ കുത്തി വയ്പ്പും നൽകിയാണ് ഫ്രാങ്കോയെ നാട്ടുകാർ സംരക്ഷിച്ചത്. നാടിന്റെ സ്‌നേഹ ലാളനകൾ ഏറ്റുവാങ്ങി കഴിയുമ്പോഴാണ് ശാരീരിക പ്രശ്‌നങ്ങൾ ഫ്രാങ്കോയെ അലട്ടിയത്.
ഒരു മാസക്കാലമായി അവശനിലയിൽ ആയ ഫ്രാങ്കോ നിമിഷങ്ങൾ എണ്ണി കഴിയുന്ന അവസ്ഥയിലേയ്‌ക്ക് എത്തി. കടത്തിണ്ണയിൽ അവശനായി കിടന്ന അവനെ ഉപേക്ഷിക്കാൻ ഇലന്തൂർ നെടുവേലി ജംഗ്ഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ തയ്യാറായില്ല. തൊട്ടടുത്ത എല്ലാ മൃഗാശുപത്രികളിലും അവർ അവനെ കൊണ്ടുപോയി. പത്തനംതിട്ടയിലെയും ചങ്ങനാശ്ശേരിയിലെയും മൃഗാശുപത്രിലും കാണിച്ചു. കൂടുതൽ ചികിത്സയ്‌ക്കായി കിലോമീറ്ററുകൾ സഞ്ചരിച്ച് കോട്ടയം തുരുത്തിയിലുള്ള സ്വകാര്യ ആശുപത്രിയിലും ഫ്രാങ്കോയെ കൊണ്ടുപോയി. പക്ഷെ, തലച്ചോറിനെ ബാധിക്കുന്ന വൈറസ് ബാധ മൂർച്ഛിച്ചതിനാൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. അവസാനം സ്നേഹ പ്രകടനങ്ങളുടെ നിറമുള്ള ഓർമ്മകൾ ബാക്കിയാക്കി തന്നെ എടുത്ത വളർത്തിയ ഓട്ടോ തൊഴിലാളികളോടും ലാളനകൾ നൽകിയ ഇലന്തൂർ നിവാസികളോടും യാത്ര പറഞ്ഞ് ഫ്രാങ്കോ മടങ്ങി.
Comments