തിരുവനന്തപുരം: കത്ത് നിയമന വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് മഹിളാമോർച്ചയുടെ പ്രതിഷേധം. തിരുവനന്തപുരം നഗരസഭ കോർപ്പറേഷനിലേയ്ക്ക് മഹിളാമോർച്ച മാർച്ച് നടത്തി. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾക്ക് മുകളിൽ കയറി നിന്നു കൊണ്ട് പ്രവർത്തകർ മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ട് പ്രതിഷേധം നടത്തി. അഴിമതിയിൽ വിശദമായ അന്വേഷണം വേണമെന്നും മേയർ എത്രയും വേഗം രാജി വയ്ക്കണമെന്നും മഹിളാമോർച്ച ആവശ്യപ്പെടുന്നു. രാജി വെയ്ക്കാത്ത സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെയും മഹിളാമോർച്ചയുടെയും തീരുമാനം. പ്രതിഷേധത്തിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
മാർച്ചിന് നേരെ പല തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും മഹിളാമോർച്ച പ്രവർത്തകർ പ്രതിഷേധത്തിൽ നിന്നും പിൻമാറിയില്ല. പോലീസിന്റെ ബാരിക്കേഡുകൾ മറി കടന്നു കൊണ്ട് പ്രവർത്തകർ കോർപ്പറേഷന്റെ അകത്തേയ്ക്ക് കയറി. കോർപ്പറേഷന്റെ അകത്തേയ്ക്ക് മുദ്രവാക്യം വിളിച്ചെത്തിയ പ്രവർത്തകരെ പോലീസ് കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. വനിതാ പ്രവർത്തകരെ അടിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ബിജെപി കൗൺസിലർമാർ തടഞ്ഞു.
കരിങ്കൊടി ഉയർത്തിയും മുദ്രാവാക്യം വിളിച്ചും മഹിളാമോർച്ച പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയപ്പോൾ കോർപ്പറേഷനിലെ ഇടത് ജീവനക്കാരും പ്രവർത്തകർക്കെതിരെ രംഗത്തു വന്നു. കോർപ്പറേഷന്റെ പ്രധാന ഗേറ്റ് പൂർണ്ണമായും ഉപരോധിച്ചു കൊണ്ടാണ് മഹിളാമോർച്ചാ പ്രവർത്തകരുടെ പ്രതിഷേധം. വലിയ തോതിൽ പ്രതിഷേധവുമായി ഇരച്ചെത്തിയ പ്രവർത്തകർക്ക് മുന്നിൽ പോലീസിന് മുട്ടുമടക്കേണ്ടി വന്നു. പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ബിജെപിയും മഹിളാമോർച്ചയും വ്യക്തമാക്കി.
Comments