തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ ആരോഗ്യമേഖലയിലുള്ള തസ്തികകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ ലിസ്റ്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് വിവാദത്തിലായതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മേയർ കത്ത് നൽകിയ വിഷയം ഗുരുതരമാണെന്നും ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലർ ജി എസ് ശ്രീകുമാറാണ് ഹർജി നൽകിയത്.
രണ്ട് വർഷത്തിനിടെ തിരുവനന്തപുരം കോർപ്പറേഷനിൽ ആയിരത്തിലധികം അനധികൃത നിയമനങ്ങൾ നടന്നതായി ഹർജിയിൽ ആരോപിക്കുന്നുണ്ട്. സ്വന്തം പാർട്ടിയിലെ ആളുകളെ തിരുകിക്കയറ്റാൻ ആവശ്യപ്പെട്ടുകൊണ്ട് പാർട്ടി ജില്ലാ സെക്രട്ടറിക്ക് മേയർ കത്തയച്ചത് സ്വജനപക്ഷപാതമാണ്. മേയർ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത് എന്നും ഹർജിക്കാരൻ ആരോപിക്കുന്നുണ്ട്. മേയർക്കെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.
നഗരസഭയിലെ കരാർ നിയമനങ്ങൾക്ക് പാർട്ടി പട്ടിക ആവശ്യപ്പെട്ട് മേയറുടെ ഓഫീസിൽ നിന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്താണ് വിവാദമായത്. സഖാവേ എന്ന് അഭിസംബോധന ചെയ്ത് ആരംഭിക്കുന്ന കത്തിൽ, ജോലി ഒഴിവുണ്ടെന്നും നിയമനത്തിന് ലിസ്റ്റ് തരണമെന്നും ആവശ്യപ്പെട്ടിരുന്നു. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് കത്ത്.
എന്നാൽ ഇത് താൻ ഒപ്പിട്ട് നൽകിയിട്ടില്ലെന്നാണ് മേയർ അവകാശപ്പെടുന്നത്. മേയറെ സംരക്ഷിച്ചുകൊണ്ട് നഗരസഭയും സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നാണ് വിലയിരുത്തൽ.
Comments