അഡ്‌ലയ്ഡ് : ടി20 ലോകകപ്പിൽ ഇന്ത്യാ-ഇംഗ്ലണ്ട് സെമിഫൈനൽ പോരാട്ടം ഇന്ന്. ആദ്യ സെമിയിൽ ന്യൂസിലാന്റിനെ തകർത്ത് പാകിസ്താൻ ഫൈനലിൽ കടന്നതോടെ ഇന്ത്യാ-പാക് ഫൈനലിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. അതേ സമയം ഏറെ പരിചയമുള്ള ഓസീസ് മൈതാനങ്ങളിൽ ഇംഗ്ലണ്ട് അപകടകാരികളാണ്. വലിയ മൈതാന ങ്ങളുള്ള ഓസ്‌ട്രേലിയയിൽ വശങ്ങളിലേയ്‌ക്കുള്ള ദൂരം കുറവെന്ന അഡ്‌ലയ്ഡിലെ പ്രത്യേകത സിക്‌സറുകളുടെ പെരുമഴ തീർക്കുമെന്ന ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ.
സൂപ്പർ 12 ലെ അഞ്ചിൽ നാലിലും ജയിച്ചാണ് ഇന്ത്യയുടെ വരവ്. തുടക്കത്തിൽ പതറിയ രാഹുൽ ഫോം വീണ്ടെടുത്തതോടെ ഇന്ത്യയുടെ ബാറ്റിംഗ് നിര സർവ്വ ശക്തമാണ്. രോഹിതും തിളങ്ങിയാൽ ആദ്യ പവർപ്ലേയിൽ തന്നെ റൺസ് ഒഴുകും. മൈതാനത്തിന്റെ ഏത് ഭാഗ ത്തേയ്‌ക്കും പന്തടിക്കുന്ന സൂര്യകുമാറിന്റെ വിസ്മയകരമായ പ്രകടനവും മികച്ച ഫോമിലുള്ള വിരാട് കോഹ്ലിയും മധ്യനിരയിലെ അപകടകാരിയായ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ യുമാണ് ഇന്ത്യയുടെ കരുത്ത്. ബൗളിംഗിൽ ഇന്ത്യയുടെ പേസ് ത്രയം കൃത്യതയിലും വേഗതയിലും മികച്ച് നിൽക്കുകയാണ്. അർഷദീപിന്റെ പ്രഹരശേഷി നാൾക്കുനാൾ വർദ്ധിക്കുകയാണ്. ഭുവനേശ്വറിന്റെ കൃത്യതയും മധ്യനിരയിൽ ഷമിയും ഹാർദ്ദികും ഇന്ത്യയ്‌ക്ക് ഏത് ടീമിന്റെ മേലും ആധിപത്യം നേടാനുള്ള കരുത്താണ് സമ്മാനിക്കുന്നത്. അശ്വിന്റെയും അക്ഷർ പട്ടേലിൻറേയും സ്പിൻ തന്ത്രങ്ങളും പരീക്ഷിക്കപ്പെടും.
ബട്ലറും അലക്‌സ് ഹെയിൽസും ബെൻസ്റ്റോക്സും മലാനും ബാറ്റിംഗിൽ കരുത്താകുമ്പോൾ ഓൾറൗണ്ട് മികവിലേയ്‌ക്ക് മൊയിൻ അലി മടങ്ങിയെത്തിയാൽ ഇംഗ്ലണ്ടിന് കരുത്തുകൂടും. സാം കരണിന്റെ ഓൾറൗണ്ടർ മികവ് നിർണ്ണായകമാകും. ലിവിംഗ്‌സ്റ്റണും ജോർദ്ദാനും ഇംഗ്ലണ്ടിനെ ഏത് ഘട്ടത്തിലും ജയിപ്പിക്കാൻ കരുത്തുള്ള ബൗളർമാരാണ്. മൊയീൻ അലിയ്‌ക്കൊപ്പം ആദിൽ റഷീദും സ്പിൻ കരുത്താകുന്നതും ഇംഗ്ലണ്ടിന് താങ്ങാവും.
ടോസ് നിർണ്ണായകമാണ്. ആദ്യം ബാറ്റ്‌ചെയ്യുന്നവർ പരമാവധി റൺസ് സ്‌കോർ ചെയ്യുക എന്ന തന്ത്രമാണ് പയറ്റുക. എന്നാൽ അഡ്‌ലയ്ഡിന്റെ ടി20 ചരിത്രത്തിൽ ടോസ് നേടിയ ടീം ഇതുവരെ ജയിച്ചിട്ടില്ലെന്ന സത്യം ഇരു ടീമുകളേയും തുറിച്ചുനോക്കുന്നു.
















Comments