ലോകകപ്പിന് 10 ദിവസങ്ങൾ മാത്രം അവശേഷിക്കെ സെനഗലിന്റെ ക്യാപ്റ്റൻ സാദിയോ മാനെയ്ക്ക് പരിക്ക്. ബുണ്ടെസ് ലിഗയിൽ ബയേൺ മ്യൂണിച്ചിന്റെ താരമായ മാനെ വെഡർ ബ്രഹ്മനെതിരെയുളള കളിക്കിടെയാണ് പരിക്കേറ്റത്. ഇതോടെ സൂപ്പർ താരം ലോകകപ്പിൽ കളിക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തിലാണ്. എന്നാൽ ബയേൺ മ്യൂണിച്ച് പരിക്കേറ്റ മാനെ ലോകകപ്പിൽ നിന്ന് പുറത്താകുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
ലോകകപ്പിൽ 30കാരനായ താരത്തിന് കളിക്കാനാവില്ലെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. സാദിയോവിന് കാൽവണ്ണയിലെ എല്ലിനാണ് പരിക്ക്. ലീഗിൽ ഷാൽക്കെയ്‌ക്കതിരായ അടുത്ത കളിയിൽ മാനെ കളിക്കില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പരിശോധനകളുണ്ടാകും.
ബയേൺ മ്യൂണിച്ച് അധികൃതർ സെനഗൽ ഫുട്‌ബോൾ അസോസിയേഷൻ അധികൃതരുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. എന്നാൽ ഫിഫ ലോകകപ്പിൽ സെനഗൽ നിരയിൽ മാനെ ഉണ്ടാകുമോയെന്ന കാര്യത്തിൽ ക്ലബ് വെളിപ്പെടുത്തിയിട്ടില്ല.
സെനഗൽ ദേശീയ കോച്ച് അലിയു സിസ്സെ 11ന് ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കാനിരിക്കെയാണ് മാനെയുടെ പരിക്കിന്റെ വിവരം പുറത്ത് വരുന്നത്. എന്നാൽ ലോകകപ്പിൽ മാനെയുണ്ടാകില്ലെന്ന് ജർമ്മൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാനെ കളിച്ചില്ലെങ്കിൽ സെനഗലിനെ സംബന്ധിച്ചെടുത്തോളം വലിയ ആഘാതമായിരിക്കും. സെനഗൽ ആദ്യമായി ആഫ്രിക്കൻ നേഷൻ കപ്പ് നേടിയത് മാനെയുടെ നേതൃത്വത്തിന് കീഴിലായിരുന്നു. ഏഴ് തവണ ജോതാക്കളായ ഈജിപ്തിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് സെനഗൽ കപ്പുയർത്തിയത്.
സെനഗൽ നിരയിൽ പകരം വെയ്‌ക്കാനില്ലാത്ത കളിക്കാരനാണ് മാനെ. അദ്ദേഹത്തിന്റെ അസാനിദ്ധ്യം ദേശീയ ടീമിനെ പ്രതിസന്ധിയിലാക്കുമെന്ന് ഉറപ്പാണ്. ബുണ്ടസ് ലിഗെയിൽ ബയേൺ മ്യൂണിച്ചുമായുളള കരാർ ഒപ്പിട്ടശേഷം ജർമ്മൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മാനെ പറഞ്ഞത് ഇങ്ങനെയാണ് ‘താൻ കളിക്കുമ്പോൾ നാട്ടിൽ ജനങ്ങൾ ജോലിയ്‌ക്ക് പോകാതെ എല്ലാവരും ടെലിവിഷൻ സെറ്റിന് മുന്നിലിരിക്കും’. മാനെ ലോകകപ്പിൽ നിന്ന് പിന്മാറിയാൽ സെനഗലിന്റെ പ്രതീക്ഷയാണ് ഇല്ലാതാകുന്നത്.
















Comments