ഭോപ്പാൽ: ജോലി കിട്ടാതെ വിവാഹം കഴിക്കണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് 67-കാരിയായ അമ്മയെ കൊലപ്പെടുത്തി. 32-കാരനായ മകൻ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭോപ്പാലിൽ ആണ് സംഭവം. അസ്മ ഫാറൂഖ് ആണ് കൊല്ലപ്പെട്ടത്. ഇവർ മകനായ അത്ഹുള്ളക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇവരുടെ മറ്റൊരു മകനായ ഫർഹാനാണ് കൊല നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അത്ഹുള്ള തന്റെ മാതാവിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടമരണമെന്നായിരുന്നു ആദ്യം കരുതിയത്. ടെറസിൽ നിന്ന് വീണതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് കുടുംബം വിശ്വസിച്ചത്. മകൻ ഫർഹാൻ അങ്ങനെയാണ് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ അടുത്ത ദിവസം ഫർഹാൻ രക്തക്കറകളുള്ള ക്രിക്കറ്റ് ബാറ്റ് ഒളിപ്പിച്ച് വെക്കുന്നത് അത്ഹുള്ള കണ്ടിരുന്നു. തുടർന്ന് ഫർഹാനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
വിവാഹത്തിന് എതിർത്തതിനാലാണ് താൻ മാതാവിനെ കൊലപ്പെടുത്തിയതെന്നും പോലീസിനെ അറിയിച്ചാൽ സഹോദരനെയും കൊലപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. എന്നാൽ അത്ഹുള്ള പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി സാഹസികമായാണ് ഫർഹാനെ പിടികൂടിയത്.
Comments