ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവ ജഡേജ ഗുജറാത്ത് നിയമസഭയിലേക്കു ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു .സംസ്ഥാനത്തെ പാർട്ടി ചുമതലയുള്ള കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
ജാംനഗറിൽ നിന്നാണ് റിവ മത്സരിക്കുക .സിറ്റിംഗ് എം.എൽ.എയായ ഹക്കുഭ ജഡേജ എന്നറിയപ്പെടുന്ന ധർമേന്ദ്രസിൻഹയും റിവയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു . 2017ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ 40,000ത്തിലധികം വോട്ടുകൾക്കാണ് ധർമേന്ദ്ര പരാജയപ്പെടുത്തിയത്.
സാധാരണ സെലിബ്രിറ്റികളുടെ ഭാര്യമാരിൽ നിന്ന് ഏറെ വ്യത്യസ്തയാണ് റിവ . ഇന്ത്യൻ സംസ്ക്കാരത്തെ ചോദ്യം ചെയ്യുന്ന ഏത് വിഷയത്തിലും വൈകാരികമായി പ്രതികരിച്ചിട്ടുണ്ട് റിവ . മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ റിവ ജഡേജ കോൺഗ്രസ് നേതാവായിരുന്ന ഹരി സിങ് സോളങ്കിയുടെ അനന്തിരവൾ കൂടിയാണ്
ഒരു രജപുത്ര സ്ത്രീയാണ് താനെന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്താൻ റിവ എപ്പോഴും ശ്രമിക്കാറുണ്ട്. ആ ആവേശത്തിൽ നിന്നാണ് റിവയുടെ രാഷ്‌ട്രീയ പ്രവേശനം. 2018ൽ ‘പത്മാവത്’ സിനിമയെച്ചൊല്ലി രാജ്യത്തുടനീളം വലിയ അസ്വാരസ്യങ്ങളുണ്ടായിരുന്നു. കർണി സേന ശക്തമായി പ്രതിഷേധം തുടങ്ങി. അവരെ പിന്തുണച്ചുകൊണ്ട് റിവയും പ്രസ്ഥാനത്തിൽ ചേർന്നു
രജപുത്രരെ അപമാനിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നായിരുന്നു റിവയുടെ പ്രസ്താവന. അന്ന് റിവയ്‌ക്ക് 28 വയസ്സായിരുന്നു. ആ സമയത്ത് തന്നെയാണ് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയെ വിവാഹം കഴിച്ചതും . ഒരു വയസ്സുള്ള മകളെ കയ്യിലെടുത്തു കൊണ്ട് റിവ സജീവ രാഷ്‌ട്രീയത്തിലേക്ക് നടന്നു തുടങ്ങി. ഒടുവിൽ അത് ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പിൽ വരെ എത്തിച്ചിരിക്കുന്നു.
താൻ രാഷ്‌ട്രീയത്തിലിറങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് റിവ പറയുന്നു. ബിസിനസുകാരനായ അച്ഛന്റെയും സർക്കാർ ജോലിക്കാരിയായ അമ്മയുടെയും ഏക മകളാണ് റിവ . എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ റിവ സർക്കാർ ഉദ്യോഗസ്ഥയാകാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. എന്നാൽ 2016ൽ ജഡേജയെ കണ്ടതോടെ എല്ലാം മാറിമറിഞ്ഞു. . പഠിക്കുമ്പോൾ തന്നെ പിതാവിന്റെ രണ്ട് സ്കൂളുകളുടെ ചുമതലയും റിവയാണ് നോക്കിയിരുന്നത്.
കർണി സേനയുടെ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ശേഷമാണ് റിവ സജീവ രാഷ്‌ട്രീയത്തിൽ താൽപര്യം പ്രകടിപ്പിച്ചത്. കർണി സേന അവരെ ഗുജറാത്തിലെ വനിതാ വിഭാഗത്തിന്റെ തലവനായി നിയമിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് റിവയുടെ മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്കുള്ള ചുവടുവെപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് സന്ദർശിക്കുന്നതിന് ഒരു ദിവസം മുമ്പാണ് അവർ ബിജെപിയിൽ ചേർന്നത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭർത്താവ് രവീന്ദ്ര ജഡേജയ്‌ക്കൊപ്പം റിവ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡൽഹിയിലെ വസതിയിൽ എത്തി സന്ദർശിച്ചു.
തനിക്ക് രാഷ്‌ട്രീയത്തിലേക്കുള്ള പ്രചോദനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് റിവ പറഞ്ഞു. ഒരു പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടതാണ് റിവയെ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കാൻ പ്രേരിപ്പിച്ചത്. രാഷ്‌ട്രീയക്കാരെ വിമർശിക്കുന്നതിന് മുമ്പ് രാഷ്‌ട്രീയത്തിൽ ചേർന്ന് സമൂഹത്തെ മാറ്റാൻ ശ്രമിക്കണമെന്നായിരുന്നു അന്ന് പ്രധാനമന്ത്രി പറഞ്ഞത്. അതായിരുന്നു തുടക്കം.
















Comments