ബെർലിൻ: ജൂതൻമാർക്കെതിരെ ജർമ്മനിയിൽ നാസിപ്പട നടത്തിയ തീവെട്ടിക്കൊളളയുടെയും ആക്രമണത്തിന്റെയും സ്മരണദിനം ക്രിപ്‌സി ചിക്കനും ചീസും കഴിച്ച് ആഘോഷിക്കാൻ ആഹ്വാനം ചെയ്ത കെഎഫ്‌സി വിവാദത്തിൽ. ജർമ്മനിയിലാണ് കെഎഫ്‌സിയുടെ പരസ്യം വിവാദമായത്.
1938 നവംബർ ഒൻപതിന് നടന്ന സംഭവത്തിന്റെ വാർഷികം ഫ്രൈഡ് ചിക്കനും ചീസും കഴിച്ച് ആഘോഷിക്കാനായിരുന്നു കമ്പനി നോട്ടിഫിക്കേഷനായി നൽകിയ പരസ്യത്തിലെ ആഹ്വാനം. നാസി ജനക്കൂട്ടം ജൂത ആരാധനാ കേന്ദ്രങ്ങളായ സിനഗോഗുകൾ തകർക്കുകയും ജൂതൻമാരുടെ കച്ചവട സ്ഥാപനങ്ങൾക്കും വീടുകൾക്കും നേരെ വ്യാപക അക്രമം നടത്തുകയും ചെയ്ത ദിവസമാണിത്.
തകർന്ന ആരാധനാലയങ്ങളുടെയും വീടുകളുടെയും കച്ചവട സ്ഥാപനങ്ങളുടെയും ഗ്ലാസ് ചില്ലുകൾ റോഡിലുടനീളം ചിതറിക്കിടക്കുകയായിരുന്നു. ഇതിന്റെ ഓർമ്മദിനം അതുകൊണ്ടു തന്നെ
‘ചില്ലുകൾ തകർത്ത രാത്രി’ (ക്രിസ്റ്റൽനൈറ്റ്) എന്നാണ് അറിയപ്പെടുന്നത്. ജർമ്മൻ അധികൃതർ നോക്കുകുത്തിയായി നിന്നുകൊണ്ടായിരുന്നു അക്രമങ്ങൾ മുഴുവൻ അരങ്ങേറിയത്. ജൂതൻമാരെ ഉൻമൂലനം ചെയ്യാനുളള നടപടിയുടെ ഭാഗമായിരുന്നു അക്രമങ്ങളെന്ന് പിന്നീട് ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്.
1000 ത്തിലേറെ ജൂത ആരാധനാലയങ്ങളാണ് അഗ്നിക്ക് ഇരയാക്കിയത്. അബദ്ധം മനസിലായതോടെ തങ്ങളുടെ സിസ്റ്റത്തിൽ വന്ന പിഴവാണെന്ന് പറഞ്ഞ് കെഎഫ്‌സി മാപ്പുപറഞ്ഞു. ഇത് ആവർത്തിക്കാതിരിക്കാൻ എങ്ങനെയാണ് പിഴവ് പറ്റിയതെന്ന് പരിശോധിക്കുമെന്നും കെഎഫ്‌സി അറിയിച്ചു.
















Comments