സിഡ്‌നി: ടി 20 ലോകകപ്പിൽ പാകിസ്താൻ-ഇംഗ്ലണ്ട് കലാശപോരാട്ടത്തിന് അരങ്ങൊരുങ്ങുകയാണ്. സെമിഫൈനലുകളിൽ ഇംഗ്ലണ്ട് ഇന്ത്യയെയും, പാകിസ്താൻ ന്യൂസിലാന്റിനെയും തോൽപ്പിച്ചതോടെയാണ് വീണ്ടും ഒരു പാക്-ഇംഗ്ലണ്ട് പോരാട്ടത്തിന് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഓസ്‌ത്രേലിയൻ മണ്ണിൽ ഇത് രണ്ടാം തവണയാണ് ഇരു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടുന്നത്. 30 വർഷം മുമ്പ് അതായത് 1992 ഏകദിന ലേകകപ്പ് ക്രിക്കറ്റ് ഫൈനലിലും ഇതേ ടീമുകൾ തന്നെയായിരുന്നു ഏറ്റുമുട്ടിയത്.
അന്ന് ഇമ്രാൻഖാൻ നേതൃത്വം നൽകി പാകിസ്താൻ ടീം കിരീടം നേടുകയായിരുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇതേ ടീമുകൾ ഏറ്റുമുട്ടുന്നതിന് പുറമെ മറ്റ് ചില സാമ്യങ്ങളും 1992 ബെൻസൻ ആന്റ് ഹെഡ്ജസ് ചാമ്പ്യൻഷിപ്പിലും 2022 ടി 20 ലോകകപ്പും തമ്മിലുണ്ടെന്നത് ശ്രദ്ധേയമാണ്. ഓസ്‌ത്രേലിയ ആദ്യമായി ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് 1992 ലോകകപ്പിലായിരുന്നു. എന്നാൽ ആദ്യമായി ടി 20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഇപ്പോഴാണെന്നതും ശ്രദ്ധേയമാണ്. 1992ൽ ഓസീസ് ആയിരുന്നു നിലവിലെ ലോകചാമ്പ്യൻമാർ. കഴിഞ്ഞ ടി 20 ലോകകപ്പിലും അവർ തന്നെയായിരുന്നു ജേതാക്കൾ.
1992ൽ ആതിഥേയരായ ഓസീസ് സെമിഫൈനലിൽ പ്രവശനം നേടാനാകാതെ പുറത്തായിരുന്നു. ഇത്തവണയും അത് ആവർത്തിച്ചു. ദക്ഷിണാഫ്രിക്കയുടെ പുറത്താകലിന്റെ കാര്യത്തിലാണ് മറ്റൊരു സാമ്യം. അന്ന് മഴ കാരണമാണ് സെമിയിൽ വിജയിക്കാമായിരുന്ന മത്സരം പ്രോട്ടിയാസിന് നഷ്ടമായത്. ഇത്തവണത്തെ ടി20 ലോകകപ്പിൽ സിംബാംബ്‌വെക്കതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് 13 റൺസ് അകലെ വച്ച് മഴ മൂലം തടസ്സപ്പെട്ടിരുന്നു. ആ കളിയിൽ വിജയിച്ചിരുന്നുവെങ്കിൽ സെമിയിൽ എത്താൻ അവർക്ക് കഴിയുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ പാകിസ്താൻ സെമിയിലെത്താതെ പുറത്താകുമായിരുന്നു.
1992ലും പാകിസ്താൻ കഷ്ടിച്ചാണ് സെമിയിലെത്തിയത്. ഇത്തവണയും സെമി കാണാതെ പുറത്താകുമെന്ന് കരുതിയ പച്ചപ്പട ദക്ഷിണാഫ്രിക്ക നെതർലന്റ്‌സിനോട് തോറ്റത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. സെമിയിൽ കിവീസിനെ പരാജയപ്പെടുത്തിയാണ് പാകിസ്താൻ ഫൈനൽ പ്രവേശനം നേടിയത്. 1992ലും സെമിയിൽ പാകിസ്താന്റെ എതിരാളി ന്യൂസിലന്റ് ആയിരുന്നു. 1992 സെമിയുടെ ആവർത്തനം പോലെ ടി20യിലും പാക് ടീം വിജയലക്ഷ്യം പിന്തുടർന്നാണ് ഫൈനലിലെത്തിയത്. 1992ൽ കലാശപോരാട്ടം മെൽബണിലായിരുന്നു. ഇത്തവണയും ഫൈനലിന്റെ വേദി മെൽബണിലെ എംസിജിയാണ്. ബെൻസൻ ആന്റ് ഹെഡ്ജസ് ചാമ്പ്യൻഷിപ്പിലായിരുന്നു ആദ്യമായി ടീമുകൾ കളർ ജേഴ്‌സിയിൽ ലോകകപ്പ് കളിക്കാൻ തുടങ്ങിയത്. വെളുത്ത പന്തും ഫ്‌ളഡ്‌ലൈറ്റിന് കീഴിലെ രാത്രി-പകൽ മത്സരങ്ങളും ആ ടൂർണ്ണമെന്റിന്റെ പ്രത്യേകതയായിരുന്നു.
Comments