ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽ പ്രദേശിലും ഗുജറാത്തിലും എക്സിറ്റ് പോളുകളും അഭിപ്രായ സർവ്വേകളും നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. എക്‌സിറ്റ് പോളുകളും അഭിപ്രായ സർവ്വേകളും സംപ്രേഷണം ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ച് കൊണ്ട് ഇന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കിയത്. ഹിമാചൽ പ്രദേശിൽ നവംബർ 12നും ഗുജറാത്തിൽ ഡിസംബർ 1, 5 തിയതികളിൽ രണ്ട് ഘട്ടങ്ങളിലായിട്ടുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ എട്ടിനാണ് ഇരു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണൽ.
നവംബർ 12ന് രാവിലെ 8 മണി വരെയും ഡിസംബർ 5ന് വൈകിട്ട് 5 മണി വരെയും പത്ര ദൃശ്യ മാദ്ധ്യമങ്ങളിൽ യാതൊരു വിധ ഫലസൂചനകളും പ്രസിദ്ധീകരിക്കരുതെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഹിമാചൽ പ്രദേശിലേയും ഗുജറാത്തിലേയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ചുള്ള നിർദ്ദേശം കൈമാറിക്കഴിഞ്ഞു. ഈ ഉത്തരവ് എല്ലാ മാദ്ധ്യമ സ്ഥാപനങ്ങളേയും അറിയിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗുജറാത്തിൽ 182 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ബിജെപി കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. 160 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച 69 എംഎൽഎമാർ ഇക്കുറിയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഭൂരിഭാഗവും പുതുമുഖങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. യുവാക്കൾക്കും സ്ത്രീകൾക്കും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പട്ടികയിൽ ബിജെപി അവസരം നൽകിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സി.ആർ പാട്ടീൽ വ്യക്തമാക്കി.
Comments