ന്യൂഡൽഹി: വൈദ്യശാസ്ത്ര- സാങ്കേതിക വിഷയങ്ങൾ തമിഴ് ഭാഷയിൽ പഠിപ്പിക്കണമെന്ന് തമിഴ്നാട് സർക്കാരിനോട് നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. വൈദ്യശാസ്ത്ര- സാങ്കേതിക വിഷയങ്ങൾ പ്രാദേശിക ഭാഷകളിൽ പഠിപ്പിക്കാനുള്ള തീരുമാനം മദ്ധ്യപ്രദേശ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിനോടും ഇതേ മാതൃക പിന്തുടരാൻ താൻ അഭ്യർത്ഥിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.
ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ മാതൃഭാഷയിൽ പഠിപ്പിച്ചാൽ, തമിഴ് മീഡിയം സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കും പ്രസ്തുത വിഷയങ്ങളിൽ ഉപരിപഠനം ലളിതമാകും. മാതൃഭാഷയിൽ പഠന- ഗവേഷണങ്ങൾ നടത്താൻ തമിഴ് വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചാൽ, രാജ്യത്തിന്റെ ശാസ്ത്ര- സാങ്കേതിക രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകാൻ അവർക്ക് സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.
കേന്ദ്ര സർക്കാർ, പ്രത്യേകിച്ച് അമിത് ഷാ വിവിധ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന കുപ്രചാരണങ്ങൾ നിലനിൽക്കെയാണ് കേന്ദ്ര സർക്കാർ നയം അമിത് ഷാ വിശദീകരിച്ചത്. രാഷ്‌ട്രഭാഷയ്‌ക്കൊപ്പം പ്രാദേശിക ഭാഷകളെയും പരിപോഷിപ്പിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും നയം. ഇതിന്റെ ഭാഗമായാണ് മദ്ധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ, ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ മാതൃഭാഷയിൽ പഠിപ്പിക്കാൻ തീരുമാനം എടുത്തതെന്നും അമിത് ഷാ നേരത്തേ വ്യക്തമാക്കിയിരുന്നു.
Comments