ന്യൂഡൽഹി: സിപിഎം എം എൽ എ, കെ.ടി ജലീലിന്റെ ആസാദ് കശ്മീർ പ്രയോഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി കോടതി. സ്വാർത്ഥമതികളായ രാഷ്‌ട്രീയക്കാരുടെ നിരുത്തരവാദപരമായ പ്രസ്താവനകൾക്ക് തകർക്കാൻ സാധിക്കുന്നതല്ല ഇന്ത്യയുടെ മതേതര ബോധവും അഖണ്ഡതയുമെന്ന് കോടതി നിരീക്ഷിച്ചു. ജലീലിന്റെ പരാമർശങ്ങൾക്കെതിരെ അഡ്വക്കേറ്റ് ജി എസ് മണി നൽകിയ പരാതിയിൽ വിധി പറയവെയായിരുന്നു കോടതിയുടെ വിമർശനം.
ജലീലിന്റെ പരാമർശങ്ങൾ നിരുത്തരവാദപരവും അപക്വവും അബദ്ധജഡിലവുമാണ്. പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ച ജലീലിന്റെ നടപടി ഹിന്ദുക്കൾക്കിടയിൽ മാത്രമല്ല, ഇന്ത്യയിലെ മുസ്ലീങ്ങൾക്കിടയിലും അതൃപ്തി ഉണ്ടാക്കുന്നതാണ്. ഉത്തരവാദിത്വബോധം ഇല്ലാത്ത രാഷ്‌ട്രീയക്കാരന്റെ അസംബന്ധ പരാമർശമാണ് ഇതെന്നും അഡീഷണൽ ചീഫ് മെട്രോപൊളീറ്റൻ മജിസ്ട്രേറ്റ് ഹർജീത് സിംഗ് പാൽ വ്യക്തമാക്കി.
യാഥാർത്ഥ്യത്തെയും വസ്തുതകളെയും ചോദ്യം ചെയ്യുന്ന ജലീലിന്റെ പ്രസ്താവന രാഷ്‌ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ളതാകാം. വസ്തുതകളുടെ ദുർവ്യാഖ്യാനവും അബദ്ധധാരണയിൽ നിന്ന് ഉടലെടുത്തതുമാണ് ജലീലിന്റെ പരാമർശങ്ങളെന്നും കോടതി വിലയിരുത്തി.
എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രാമുഖ്യം നൽകുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. ജലീലിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിച്ചു കൊണ്ട്, കോടതി ഹർജി തള്ളുകയാണ്. സ്വാർത്ഥമതികളായ രാഷ്‌ട്രീയക്കാരുടെ പ്രസ്താവനകൾക്ക് തകർക്കാൻ സാധിക്കുന്നതല്ല ഇന്ത്യയുടെ മതേതര ബോധവും അഖണ്ഡതയുമെന്നിരിക്കെ, ഹർജി അപ്രസക്തമാണ്. ജലീലിന്റെ പരാമർശങ്ങൾക്കെതിരെ കേരളത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്ന സാഹചര്യത്തിൽ, രണ്ടാമത് ഒരു എഫ് ഐ ആർ സാങ്കേതികമായി സാധുവാകില്ലെന്നും ഹർജി തള്ളവെ കോടതി നിരീക്ഷിച്ചു.
Comments