കോഴിക്കോട്: ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അസൈൻ ആണ് മരിച്ചത്. കോഴിക്കോട് പുതിയങ്ങാടിയിലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു.
കാരാപ്പറമ്പ് ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ് അപകടത്തിൽ മരിച്ച മുഹമ്മദ് അസൈൻ (15). സ്കൂളിൽ നിന്നെത്തിയ വിദ്യാർത്ഥി കളിക്കാനായി സൈക്കിളെടുത്ത് പുറത്തേക്ക് പോയിരുന്നു. പിന്നീട് കുട്ടി നിലത്ത് വീണ് കിടക്കുന്ന നിലയിൽ പ്രദേശവാസികളാണ് കണ്ടെത്തിയത്.
നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പേ കുട്ടി മരിച്ചിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം എരുമേലി സ്വദേശിയായ വയോധികൻ ഇടിമിന്നൽ കേട്ട് നടുങ്ങി കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവേ ആയിരുന്നു സംഭവം. ശക്തമായ ഇടിമിന്നലിന്റെ ആഘാതത്തിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മിന്നലിൽ വീടിന്റെ വയറിംഗ് പൂർണമായി തകർന്നിരുന്നു.
Comments