കോട്ടയം : കോട്ടയം മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി. എറണാകുളം ഇലഞ്ഞിയിൽ നിന്നാണ് ഒൻപത് കുട്ടികളെയും കണ്ടെത്തിയത്. കുട്ടികളിൽ ഒരാളുടെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് കുട്ടികൾ പോലീസിനോട് പറഞ്ഞു.
കോട്ടയത്ത് നിന്ന് എറണാകുളം വരെ ബസിലാണ് വന്നത് എന്ന് കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കോട്ടയത്ത് തിരികെ എത്തിച്ച് ഷെൽട്ടർ ഹോമിൽ താമസിപ്പിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് തീരുമാനിമെടുക്കും. ഷെൽട്ടർ ഹോമിലെ സുരക്ഷാ വീഴ്ച പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
ഇന്ന് രാവിലെയോടെയാണ് കോട്ടയത്ത് മഹിളാ സമഖ്യ എന്ന സ്വകാര്യ എൻജിഒ നടത്തുന്ന ഷെൽട്ടർ ഹോമിൽ നിന്ന് കുട്ടികളെ കാണാതായത്. പോക്സോ കേസ് ഇരകൾ ഉൾപ്പെടെ ഒൻപത് പെൺകുട്ടികളെ കാണാതായിരുന്നു. ഒൻപത് പേരെയും വിവിധ കേസുകളുമായി ബന്ധപ്പെട്ടാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. രാവിലെ അഞ്ചരയ്ക്ക് ഇവരെ വിളിക്കാൻ എത്തിയപ്പോഴാണ് കുട്ടികൾ ചാടിപ്പോയ വിവരം അറിയുന്നത്. തുടർന്ന് ഷെൽട്ടർ ഹോം അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു.
Comments