ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന റിവാബ ജഡേജയ്‌ക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ചതിന് പിന്നാലെ ജാംനഗറിലെ പാർട്ടി പരിപാടിയിൽ പങ്കെടുത്ത് ഭർത്താവും ക്രിക്കറ്റ് താരവുമായ രവീന്ദ്ര ജഡേജ. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഗുജറാത്തിലെ ജാംനഗറിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ കാവി കുർത്ത ധരിച്ചായിരുന്നു ജഡേജ ഭാര്യയ്‌ക്കൊപ്പം എത്തിയത്. ജാംനഗർ നോർത്ത് സീറ്റിലേക്കാണ് റിവാബ ജഡേജ മത്സരിക്കുന്നത്. ഇന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം.
”ആദ്യമായാണ് അവൾ എംഎൽഎ സ്ഥാനാർത്ഥിയാകുന്നത്. ഇതിൽ നിന്ന് അവൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനാകും. ഇതിലൂടെ അവൾക്ക് വീണ്ടും മികച്ചതാകാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പൊതുവെ എല്ലാവരെയും സഹായിക്കുന്ന സ്വഭാവപ്രകൃതിയാണ് അവൾക്കുള്ളത്. എപ്പോഴും ആളുകളെ സഹായിക്കാൻ അവൾ ആഗ്രഹിക്കാറുണ്ട്. അങ്ങനെയാണ് അവൾ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാത പിന്തുടർന്നുകൊണ്ട് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ അവൾ ആഗ്രഹിക്കുന്നു.” ജാംനഗറിൽ ഭാര്യയ്‌ക്കൊപ്പം എത്തിയ ജഡേജ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
കഴിഞ്ഞയാഴ്ച ബിജെപി പുറത്തിറക്കിയ 160 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ റിവാബ ജഡേജയുണ്ടായിരുന്നു. 2019ലാണ് റിവാബ ജഡേജ ബിജെപിയിൽ ചേർന്നത്.
തന്റെ ഭാര്യക്ക് പിന്തുണ നൽകണമെന്ന് അഭ്യർത്ഥിച്ച് ജഡേജ കഴിഞ്ഞ ദിവസം ഒരു വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഭാര്യയ്‌ക്ക് വേണ്ടി ജാംനഗറിലെ ജനങ്ങളോടും തന്റെ ക്രിക്കറ്റ് ആരാധകരോടും വോട്ട് അഭ്യർത്ഥിച്ച ജഡേജ ഗുജറാത്തി ഭാഷയിലായിരുന്നു സംസാരിച്ചത്. ഇതിന് പിന്നാലെയാണ് പാർട്ടി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനും ഭാര്യയ്‌ക്കൊപ്പം അദ്ദേഹമെത്തിയത്.
രണ്ട് ഘട്ടങ്ങളിലായി ഡിസംബർ 1, 5 തീയതികളിലാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ എട്ടിന് ഫലപ്രഖ്യാപനമുണ്ടാകും.
Comments