തിരുവന്തപുരം : ബാലരാമപുരത്ത് വിവാഹ സൽക്കാരത്തിനിടെ നടന്ന കൂട്ടത്തല്ലിൽ 15 പേർക്കെതിരെ കേസെടുത്ത് പോലീസ്. പ്രദേശവാസികളായ അഭിജിത്ത്, രാഹുൽ, വിവേക്, സന്ദീപ്, കുട്ടൂസൻ എന്നിവരുൾപ്പെടെ കണ്ടാലറിയുന്ന 15 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഘർഷത്തിന് നേതൃത്വം നൽകിയ അഭിജിത്താണ് കേസിലെ ഒന്നാം പ്രതി . ഇവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് വധുവിന്റെ സഹോദരനെ അഭിജിത്ത് മർദ്ദിച്ചതുമായി ബന്ധപ്പെട്ട് കുടുംബം വിഴിഞ്ഞം പോലീസിൽ പരാതി നൽകിയിരുന്നു. ഈ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ക്ഷണിക്കാതെ അഭിജിത്ത് വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു. പിന്നാലെ വധുവിന്റെ പിതാവിന് 200 രൂപ ഉപഹാരമായി നൽകി. എന്നാൽ വധുവിന്റെ പിതാവ് ഇത് വാങ്ങാൻ തയ്യാറായില്ല. തുടർന്നാണ് ഇയാൾ സംഘം ചേർന്നെത്തി വധുവിന്റെ ബന്ധുക്കളെ മർദ്ദിച്ചത്.
ബാലരാമപുരം സെൻറ് സെബാസ്റ്റ്യൻസ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ചാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ വധുവിന്റെ അച്ഛൻ അനിൽ കുമാർ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റു. പിന്നാലെ പരിക്കേറ്റവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പോലീസ് സംരക്ഷണയിലാണ് അനിൽകുമാറിന്റെ മകളുടെ കല്യാണം നടത്തിയത്.
Comments