തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ നടത്തിയ പരാമർശത്തിൽ ഉറച്ചു തന്നെ നിൽക്കുന്നുവെന്നും തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ജെബി മേത്തർ എംപി. കത്ത് വിവാദത്തിൽ നഗരസഭയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനായി ‘ കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടേയ്‌ക്ക് വിട്ടോ’ എന്നെഴുതിയ പോസ്റ്റർ പതിപ്പിച്ച പെട്ടിയുമായാണ് ജെബി മേത്തർ എത്തിയത്. ഇത് വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കോഴിക്കോട് എന്നുദ്ദേശിച്ചത് ആര്യയുടെ ഭർത്താവിന്റെ വീട് തന്നെയാണെന്ന് മാദ്ധ്യപ്രവർത്തകരോട് ജേബി മേത്തർ പ്രതികരിച്ചു.
‘ഇത് സ്ത്രീ വിരുദ്ധമല്ല. ഇതിന്റെ പേരിൽ വിവാദം ഉണ്ടായത് നന്നായി. ഭർത്താവിന്റെ വീട് എന്നത് മോശപ്പെട്ട സ്ഥലമാണോ എന്ന് കേരളത്തിലുള്ള ആണുങ്ങൾ ആലോചിക്കണം. ഭർത്താവിന്റെ വീട് എന്നത് മോശപ്പെട്ട സ്ഥലമല്ല എന്നാണ് താനും മഹിളാ കോൺഗ്രസും വിശ്വസിക്കുന്നത്. മേയർ ആര്യാ രാജേന്ദ്രനെ മേയറൂട്ടി എന്ന് വിളിച്ചത് സ്നേഹം കൊണ്ടാണ്. ഞങ്ങൾ വളരെ സ്‌നേഹത്തോടു കൂടി മത്സരിക്കാൻ കഴിവുള്ള രമ്യാ ഹരിദാസിനെ പെങ്ങളൂട്ടി എന്നാണ് വിളിച്ചത്. മേയറൂട്ടി എന്നതിൽ എന്താണ് കുഴപ്പം. പെങ്ങളൂട്ടി ആണെങ്കിലും മേയറൂട്ടി ആണെങ്കിലും അതിലെല്ലാം ഒരു സ്‌നേഹമുണ്ട്’ എന്നാണ് കോൺഗ്രസ് എംപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം, എംപി ജെബി മേത്തറിനെതിരെ മാനനഷ്ടത്തിന് പരാതി നൽകിയിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് പരാതിയിലെ ആവശ്യം. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം രേഖാമൂലവും, മാദ്ധ്യമങ്ങളിലൂടെയും മാപ്പ് പറയണം. അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പരാതിയിൽ മുന്നറിയിപ്പ് നൽകുന്നു.
Comments