നിലംതൊടാതെ നിൽക്കുന്ന ഗുജറാത്തിലും പതിവ് കലാപരിപാടിയുമായി കോൺഗ്രസ്; സീറ്റ് നൽകാത്തതിന് പ്രവർത്തകർ പാർട്ടി ആസ്ഥാനം തല്ലിപ്പൊളിച്ചു- Congress workers vandalise party HQ in Gujarat over seat row

Published by
Janam Web Desk

അഹമ്മദാബാദ്: വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പാർട്ടി ആസ്ഥാനം തല്ലിത്തകർത്തു. ജമാൽപ്പൂർ-ഖാദിയ, വത്വ എന്നീ മണ്ഡലങ്ങളിലെ പ്രവർത്തകരാണ് അക്രമം കാട്ടിയത്. പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളും ഇവർ ഉന്നയിച്ചു.

മുൻ എം എൽ എ ഇമ്രാൻ ഖേഡാവാലക്ക് വീണ്ടും സീറ്റ് നൽകിയതാണ് ജമാൽപ്പൂർ‌- ഖാദിയയിലെ കോൺഗ്രസ് പ്രവർത്തകരെ ചൊടിപ്പിച്ചത്. പ്രാദേശിക റിയൽ എസ്റ്റേറ്റ് മാഫിയയുടെ പ്രതിനിധിയാണ് ഖേഡാവാല എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ബിജെപി സ്ഥാനാർത്ഥിയായി സിറ്റിംഗ് എം എൽ എ ഭൂഷൺ ഭട്ട് മത്സരിക്കുന്ന ഇവിടെ, എ ഐ എം ഐ എം സ്ഥാനാർത്ഥിയായി സബീർ കാബ്ലിവാലയും മത്സരിക്കുന്നു.

പാർട്ടി നേതൃത്വത്തിനെതിരെ മുദ്രാവാക്യം മുഴക്കി പുറത്തിറങ്ങിയ കോൺഗ്രസ് പ്രവർത്തകർ, പാർട്ടി ആസ്ഥാനത്തെ ഭിത്തികൾ കരിക്കട്ട കൊണ്ട് അലങ്കോലമാക്കി. മുതിർന്ന നേതാവ് ഭരത് സിംഗ് സോളങ്കി റിയൽ എസ്റ്റേറ്റ് മാഫിയയിൽ നിന്നും പണം വാങ്ങി സീറ്റ് ഖേഡാവാലക്ക് വിറ്റതായി ഇവർ ആരോപിച്ചു. ഷാനവാസ് ഷെയ്ഖിന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട പ്രവർത്തകർ പാർട്ടി ആസ്ഥാനത്തെ നെയിം ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചു.

വത്വയിലെ സ്ഥാനാർത്ഥി ബല്വന്ത് ഗധാവി ഇറക്കുമതി സ്ഥാനാർത്ഥിയാണ് എന്നാണ് കോൺഗ്രസ് പ്രാദേശിക പ്രവർത്തകരുടെ ആരോപണം. ഗധാവിക്ക് വേണ്ടി തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കില്ല. പാർട്ടിക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ചെറുപ്പക്കാരായ പ്രവർത്തകർക്ക് സീറ്റ് നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. പ്രവർത്തകരുടെ ആരോപണങ്ങളോട് പാർട്ടി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share
Leave a Comment