ന്യൂഡൽഹി: ജില്ലാ കോടതിയിലെ അഭിഭാഷകരെ കീഴ് ഉദ്യോഗസ്ഥരായി കാണക്കാതെ തുല്യരായി പരിഗണിക്കുന്ന തുല്യവും ആധുനികവും വസ്തുനിഷ്ഠവുമായ നീതി ന്യായ വ്യവസ്ഥയാണ് തന്റെ ലക്ഷ്യമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. താഴെ തട്ടിൽ മാറ്റങ്ങൾ സൃഷ്ടിച്ചാൽ മാത്രമാണ് വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകൂയെന്നും അദ്ദേഹം പറഞ്ഞു.സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്സിബിഎ) സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ അഭിഭാഷകരുമായുള്ള തന്റെ ആദ്യ ഔദ്യോഗിക സംവാദത്തിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.
കീഴ്ക്കോടതി ഉദ്യോഗസ്ഥരെ വളരെ വിലകുറച്ച് കാണുന്ന പ്രവണതയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം സംവാദത്തിൽ പറഞ്ഞു. ഹൈക്കോടതി ജഡ്ജിമാർ ഭക്ഷണം കഴിക്കാൻ മേശപ്പുറത്ത് ഇരിക്കുമ്പോൾ ജില്ലാ ജഡ്ജിമാർ നിന്നുകൊണ്ട് ഭക്ഷണം വിളമ്പുന്ന പാരമ്പര്യമാണ് വെച്ചു പുലർത്തുന്നതെന്നും ഇതിന് മാറ്റമുണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്ന സാഹചര്യങ്ങളിൽ ഇവരുടെ ഇരിപ്പിടങ്ങൾ പോലും മറ്റ് പലയിടത്താണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സംസ്ഥാനങ്ങൾ സന്ദർശിക്കുന്ന വേളയിൽ ജില്ലാ കോടതി ജഡ്ജി ഹൈക്കോടതി ജഡ്ജി വരുമ്പോഴും പോകുമ്പോഴും സംസ്ഥാന അതിർത്തിയിൽ ഉണ്ടായിരിക്കണമെന്നതാണ് വ്യവസ്ഥ. ഇത്തരം പരമ്പരാഗതമായ രീതികൾ മാറണമെന്നും തുല്യതയും വസ്തുനിഷ്ഠവുമായ നീതി ന്യയവ്യവസ്ഥ സൃഷ്ടിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീതി ന്യായ സമ്പ്രാദയത്തിൽ പ്രത്യേകിച്ചും ജില്ലാ കോടതികളിൽ സ്ത്രീകളുടെ എണ്ണം കൂടുന്നത് ശുഭ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. പുതു തലമുറ കോടതിയിൽ എത്തുന്നതിനാൽ പുതിയ ചിന്താഗതികളും കോടതി മുറികളിൽ ഉടലെടുക്കുന്നുണ്ട്. കോടതികളിൽ തലമുറമാറ്റം സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാരായ ജഡ്ജിമാർ വിദ്യാസമ്പന്നരും മിടുക്കരുമാണെന്നും അവർക്ക് അഭിലാഷങ്ങളും ആത്മാഭിമാന ബോധവും ആത്മവിശ്വാസവുമുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 25% ജില്ലാ ജുഡീഷ്യൽ തസ്തികകളും ഹൈക്കോടതികളിലെ 30% അനുവദിച്ച തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണെന്നും ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments