തിരുവനന്തപുരം: മെസ്സിയെ മേഴ്‌സി എന്ന് വിളിച്ച സംഭവത്തിൽ വിശദീകരണവുമായി ഇടത് കൺവീനർ ഇ.പി ജയരാജൻ. താനല്ല മാദ്ധ്യമ പ്രവർത്തകനാണ് ആദ്യം മേഴ്‌സി എന്ന് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. മെസ്സിയെ മേഴ്‌സി എന്ന് വിളിച്ചതിൽ ജയരാജനെതിരെ വ്യാപക പരിഹാസം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്ത് എത്തിയത്.
നാക്കുപിഴയൊക്കെ ആർക്കും സംഭവിക്കാം. മെസിയേ മേഴ്‌സി എന്ന് ആദ്യം പറഞ്ഞത് മാദ്ധ്യമ പ്രവർത്തകനാണ്. അത് കേട്ടപ്പോൾ തനിക്കും സംശയമായി. തുടർന്ന് മാദ്ധ്യമ പ്രവർത്തകൻ പറഞ്ഞത് താൻ ആവർത്തിച്ചു. അല്ലെങ്കിൽ താൻ മെസിയെന്നേ പറയൂ. പിന്നീട് എനിക്ക് തോന്നി തന്നെ ബ്ലാക് മെയിൽ ചെയ്യാൻ ചട്ടം കെട്ടി വന്നതാണെന്ന്. അതുകൊണ്ട് ഇനി ഇത്തരത്തിലുള്ള പ്രതികരണങ്ങൾക്കില്ല.
ഴ, സി ഒക്കെ മാറിപ്പോകാൻ സാദ്ധ്യതയുള്ള അക്ഷരങ്ങളാണ്. പേർഷ്യ പേഴ്‌സി ചില വാക്കുകൾ പറയുമ്പോൾ നാക്കുപിഴ സംഭവിക്കും. ചില അക്ഷരങ്ങളുടെ പ്രനൗൻസിയേഷൻ മാറിപ്പോകും. എങ്കിലും മാദ്ധ്യമ പ്രവർത്തകൻ പറഞ്ഞത് താൻ ആവർത്തിക്കാൻ പാടില്ലായിരുന്നു. ഇത് തനിക്കുള്ള സന്ദേശമാണ്. ഇനി ശ്രദ്ധിക്കാം. ശസ്ത്രക്രിയ വാക്ക് താൻ നീട്ടിയാണ് പറയാറുള്ളത്. ഇപ്പോൾ ശ്രദ്ധിക്കും. പ്രാദേശിക ശൈലിവെച്ച് സംസാരിക്കുമ്പോൾ ചിലത് തെറ്റിപ്പോകും. നാക്ക് പിഴ ഇന്ന് മനസ്സിലാക്കാനുള്ള പ്രാപ്തി എല്ലാവർക്കുമുണ്ട്. എന്നാൽ അതിനെ ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments