മുംബൈ : ജോൺസൺ ആൻഡ് ജോൺസണിന് പൗഡർ ഉണ്ടാക്കാൻ അനുവാദമുണ്ട്, പക്ഷെ വിൽക്കാനല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നിർദേശം. മഹാരാഷ്ട്രയിലെ മുളുണ്ട് പ്ലാന്റിൽ സ്വന്തം ഉത്തരവാദിത്തത്തിൽ ബേബി പൗഡർ നിർമ്മിക്കാൻ ജോൺസൺ ആൻഡ് ജോൺസണിന് (ജെ ആൻഡ് ജെ) ബോംബെ ഹൈക്കോടതി അനുമതി നൽകി. എന്നാൽ , കമ്പനിക്ക് ഇപ്പോൾ ഇത് വിതരണം ചെയ്യാനും വിൽക്കാനും കഴിയില്ല.
രണ്ടാഴ്ചയ്ക്കകം ജെ ആൻഡ് ജെയുടെ ബേബി പൗഡർ സാമ്പിളുകൾ വീണ്ടും പരിശോധിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. എഫ്ഡിഎ ഈ സാമ്പിളുകൾ എടുത്ത് രണ്ട് സർക്കാർ ലബോറട്ടറികളിലും ഒരു സ്വകാര്യ ലബോറട്ടറിയിലും വീണ്ടും പരിശോധനയ്ക്കായി നൽകേണ്ടിവരും.
ബേബി പൗഡർ നിർമാണ ലൈസൻസ് റദ്ദാക്കിയ സർക്കാർ ഉത്തരവിനെതിരെ കമ്പനി നൽകിയ ഹർജിയാണ് കോടതി ഇപ്പോൾ പരിഗണിക്കുന്നത്. ജസ്റ്റിസ് എസ് വി ഗംഗാപൂർവാല, ജസ്റ്റിസ് എസ് ജി ഡിഗെ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്
2018 ഡിസംബറിൽ, ഒരു പരിശോധനയിൽ, ഗുണമേന്മയുള്ള പരിശോധനകൾക്കായി പൂനെയിൽ നിന്നും നാസിക്കിൽ നിന്നും ബേബി പൗഡറിന്റെ സാമ്പിളുകൾ എഫ്ഡിഎ എടുത്തു. പരിശോധനയിൽ, കമ്പനിയുടെ മുളുണ്ട് പ്ലാന്റിൽ നിർമ്മിച്ച ബേബി പൗഡറിന്റെ സാമ്പിൾ നിലവാരമുള്ളതല്ലെന്ന് കണ്ടെത്തി.
എഫ്ഡിഎയുടെ റിപ്പോർട്ടിനെ തുടർന്ന് ‘പൊതു താൽപര്യം’ ചൂണ്ടിക്കാട്ടി കമ്പനിയുടെ ലൈസൻസ് സർക്കാർ റദ്ദാക്കിയിരുന്നു. ആ ഉൽപ്പന്നത്തിന്റെ സ്റ്റോക്ക് വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാനും കമ്പനിയോട് നിർദ്ദേശിച്ചു.
pH-ടെസ്റ്റിൽ ശിശുക്കളുടെ ചർമ്മവുമായി പൗഡർ പൊരുത്തപ്പെടുന്നില്ല’ എന്നാണ് കണ്ടെത്തിയത് . പിന്നീട്, 1940-ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
2022 ഫെബ്രുവരി, മാർച്ച്, സെപ്തംബർ മാസങ്ങളിലെ 14 റാൻഡം ബാച്ചുകൾ ഒരു സ്വതന്ത്ര ടെസ്റ്റിംഗ് ലബോറട്ടറി പരിശോധിച്ചെന്നും അവയെല്ലാം നിശ്ചിത പിഎച്ച് മൂല്യത്തിൽ മികച്ചതാണെന്ന് കണ്ടെത്തിയെന്നും കമ്പനിയുടെ ഹർജിയിൽ പറയുന്നു. കഴിഞ്ഞ 57 വർഷമായി മുളുണ്ട് പ്ലാന്റിൽ ബേബി പൗഡർ നിർമ്മിക്കുന്നുണ്ടെന്നും 2020 ജനുവരിയിൽ ലൈസൻസ് പുതുക്കിയതായും കമ്പനി അറിയിച്ചു. ലൈസൻസ് റദ്ദാക്കിയതുവഴി പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നതായും കമ്പനി അറിയിച്ചു . 2020-ൽ തന്നെ യുഎസിലും കാനഡയിലും ജെ ആൻഡ് ജെയുടെ ടാൽക്കം പൗഡർ നിർത്തലാക്കിയിരുന്നു.
Comments