ന്യൂഡൽഹി: 2016ലെ നോട്ട് നിരോധനം ആലോചിച്ചെടുത്ത തീരുമാനമായിരുന്നു എന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. കള്ളപ്പണം എന്ന ഭീഷണിയെ കൃത്യമായി നേരിടാൻ സാധിച്ചു. പലരുടെയും കണക്കിൽ പെടാത്ത സ്വത്തുക്കൾ വെളിപ്പെട്ടു. വിദ്ധ്വംസക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന പണത്തിന്റെ അളവ് വലിയ തോതിൽ കുറയ്‌ക്കാൻ സാധിച്ചുവെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കള്ളപ്പണത്തിനെതിരായ ആസൂത്രിതമായ നീക്കമായിരുന്നു നോട്ട് നിരോധനം. അത് ഒരിക്കലും പെട്ടെന്ന് എടുത്ത ഒരു തീരുമാനമോ ഒറ്റപ്പെട്ട നീക്കമോ ആയിരുന്നില്ല. പിന്നീട് നടപ്പിൽ വന്ന സുപ്രധാന സാമ്പത്തിക പരിഷ്കാരങ്ങളുടെ അടിസ്ഥാന ശിലയായിരുന്നു നോട്ട് നിരോധനമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് 2016 ഫെബ്രുവരി മുതൽ തന്നെ റിസർവ് ബാങ്കുമായി ചർച്ചകൾ നടത്തിയിരുന്നു. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ വലിയ തോതിൽ വർദ്ധിച്ചു. 2016ലെ ആകെ ഡിജിറ്റൽ പണമിടപാടുകൾ 1.09 ലക്ഷം മാത്രമായിരുന്നു. എന്നാൽ, 2022 ഒക്ടോബർ മാസത്തിൽ മാത്രം 12 ലക്ഷം കോടി രൂപയുടെ 730 കോടി ഡിജിറ്റൽ ഇടപാടുകളാണ് രാജ്യത്ത് നടന്നതെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.
2016ലെ നോട്ട് നിരോധനത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾക്കാണ് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ കണക്കുകൾ നിരത്തി മറുപടി പറഞ്ഞത്.
















Comments